ജീവകാരുണ്യം
ജീവകാരുണ്യമെന്നു പറയുന്നതല്ലാതെ ലോകത്തില്‍ മിക്കപേരും ജീവകാരുണ്യമെന്തെന്നറിയുന്നില്ല. അഹിംസാ പരമോ ധര്‍മ്മഃ’ എന്നുണ്ട്; പക്ഷെ അതെന്താണെന്ന് അന്വേഷിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യുന്നില്ല. ജീവകാരുണ്യമെന്നാല്‍ എന്ത്? അതായത് ജീവങ്കലുള്ള അലിവ് എന്നര്‍ത്ഥം. എന്നാല്‍ ഇന്നു ജീവനോടുള്ള അലിവ് ആര്‍ക്കെങ്കിലുമുണ്ടോ? ഇല്ലെന്നു സധൈര്യം പറയാം. ഒരു ചില്ലിക്കാശിന്‍റെ വിലപോലും ജീവന് കല്പിച്ചുകാണുന്നില്ല. കാശിന്‍റെ ആവശ്യം സുഖസമ്പാദനത്തിനാണ്. സുഖം അനുഭവിക്കാന്‍ ജീവനില്ലാതെ സാദ്ധ്യമല്ല. ആ ജീവന്‍ സദാ പുറത്തുപോയി നശിക്കുന്നു. ഒരുകാശു കൈവശമുണ്ടെങ്കില്‍ അതിനെ വളരെ ഭദ്രമായി പെട്ടിയില്‍വെച്ചു പൂട്ടി സൂക്ഷിക്കുന്നു. ആ കാശിനെ സമ്പാദിക്കാന്‍ കാരണമായ ജീവനെ പുറത്തിട്ടു നശിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ നാം ജീവനെ സ്നേഹിക്കുന്നുണ്ടോ? ഒരിക്കലുമില്ല. മാത്രമല്ല, ജീവനെ-അതായത് ഒരുകുറ്റവും ചെയ്യാത്ത ജീവനെ പല വിധത്തില്‍ദ്രോഹിക്കുക കൂടി ചെയ്തുവരികയാണ്.
തന്നില്‍നിന്നു നശിച്ചുകൊണ്ടിരിക്കുന്ന ജീവശക്തിയെ തന്നിലടക്കി സന്മാര്‍ഗ്ഗികളായി -വിശേഷജ്ഞാനികളാകുവിന്‍. ആകയാല്‍ അഗ്നിസ്വരൂപമായിരിക്കുന്ന ശുക്ലത്തെ ജീവശക്തിയായ വായുവിനാല്‍ ഊതി ജലാംശം പോക്കി മണിയാക്കി, ദിവ്യഐശ്വര്യങ്ങളേയും ആനന്ദത്തേയും അനുഭവിക്കുന്നതാണ് ജീവകാരുണ്യം.