സിദ്ധവിദ്യാര്‍ത്ഥികള്‍ യാതൊരു ജാതിമത വ്യത്യാസങ്ങളോ, സ്ഥാനമാനങ്ങളോ ആലോചിക്കാതെ അവയെല്ലാം വിട്ടു, ഏകോദരസഹോദര ത്വത്തില്‍ സര്‍വജനങ്ങളുമായി ഐക്യമായി നടക്കേണ്ടതാണ്.
സിദ്ധവിദ്യ ഗ്രഹിച്ചവര്‍ യാതൊരു ലഹരി സാധനങ്ങളും അതായതു അഫീന്‍, കഞ്ചാവ്, കള്ള്, റാക്ക് മുതലായതുകളും ബീഡി, ചുരുട്ട്, സിഗരറ്റ് മുതലായ പുകകളും നാസികാദ്വാരത്തില്‍ കൂടി പുറപ്പെടുന്ന ശബ്ദത്തിനു തടസ്സമുണ്ടാക്കി അടക്കുന്ന പൊടിയും ജീര്‍ണ്ണശക്തിയില്ലാതാക്കി തീര്‍ക്കുന്നതും വായ്ക്ക് അശുദ്ധമുണ്ടാക്കുന്നതുമായ പുകയില, അടക്ക, നൂറ് മുതലായതുകളും ഉപയോഗിക്കാന്‍ പാടില്ല. ഇതുകളാല്‍ ഉണ്ടാകുന്ന ദോഷം താഴെ വിവരിക്കുന്നു.
അഫീന്‍, കഞ്ചാവ്, കള്ള്, റാക്ക് ഇവ ഉപയോഗിച്ചാല്‍ തലയ്ക്ക് മസ്ത് ഉണ്ടായി, ആലോചനാ ശക്തിയില്ലാതേയും ബുദ്ധിക്കു ഉണര്‍വ്വില്ലാതേയും ഉഷ്ണം വര്‍ദ്ധിച്ചു പിത്തം മൂര്‍ച്ഛിച്ചു തലക്ക് വെളിയില്ലാതെ, അതായത് ഒരു പാത്രത്തിനുള്ളില്‍ വിളക്ക് കത്തിച്ചുവെച്ചു മൂടിവെച്ച പ്രകാരത്തില്‍, മനസ്സിനു ഒന്നും തിരിയാതെ ബുദ്ധിഭ്രമിച്ചു ഭ്രാന്തനായിപ്പോകാന്‍ ഇടയാകുന്നു.