സമാജത്തിന്‍റെ ആശയം

എന്നാല്‍, ലോകം ഏതുപ്രകാരമായിതീരേണമെന്നുവെച്ചാല്‍  പക്ഷിജന്മത്തിന്നു തുല്യമായിവരണം. അതു എന്താണെന്നുവെച്ചാല്‍  പക്ഷികള്‍ക്ക് യാതൊരു തടസ്ഥവും ബന്ധനവും ഇല്ലാതെ അവരുടെ സ്വയേച്ഛപ്രകാരം എവിടെയും സഞ്ചരിക്കാം. അവര്‍ക്ക് അപകടം വരുന്നത് കീഴെവന്നാല്‍ മാത്രമെയുള്ളു. ഇതേപ്രകാരംതന്നെ നാമും സ്വാതന്ത്ര്യമായും ബന്ധനം കൂടാതേയും സ്വയേച്ഛപ്രകാരം ശാന്തമായും സന്തോഷമായും സര്‍വ്വജനപ്രീതനായും നടക്കേണ്ടതാണ്. ആയതു ഏതുപ്രകാരമെന്നാല്‍  നമ്മുടെ മനോവൃത്തികളായിരിക്കുന്നവയെ മേല്‍പ്പോട്ടുനിര്‍ത്തി മുന്‍പറഞ്ഞ പക്ഷികളെപ്പോലെ സ്വന്ത ഉദ്ദേശപ്രകാരം നടന്നാല്‍ മാത്രമെ സാധിക്കയുള്ളു. അതല്ലാതെ ആയവയെ കീഴ്പോട്ടുകൊണ്ടുവന്നു അപകടത്തില്‍ ആയി നശിച്ചു പോകാതിരിപ്പാന്‍വേണ്ടി എല്ലായ്പ്പോഴും ശ്രദ്ധയോടും മേല്‍ഗതിയോടുംകൂടി ഇരിക്കേണ്ടതാണ്.


സിദ്ധസമാജം

എല്ലാവരുടേയും മനസ്സിന്നു ശാന്തി വന്നതായിരുന്നുവെങ്കില്‍ സമാജം ആവശ്യമില്ലായിരുന്നു. ആയത് അല്ലാത്തതായി കണ്ടതുകൊണ്ടാണ് നോം സമാജം സ്ഥാപിച്ചത്. കാരണം, ലോകത്തില്‍ രാഗദ്വേഷാദികളെക്കൊണ്ടു് പല അനര്‍ത്ഥങ്ങളും ലഹളകളും ഉണ്ടായി ജനങ്ങള്‍ അധോഗതിയായി ചത്തുപോകുന്നതിനെ കണ്ടിട്ടു, തന്‍ നിവാരണത്തിന്നുവേണ്ടി, ലോകനന്മയ്ക്കായി, ഭഗീരഥപ്രയത്നം ചെയ്തു വളരേ കഷ്ടമനുഭവിച്ചു സ്വന്തം അദ്ധ്വാനത്താല്‍ ജീവന്‍റെ ഊര്‍ദ്ധ്വഗതിയെ കണ്ടുപിടിച്ചു ചത്തുപോകുന്നതില്‍നിന്നു ഉദ്ധരിച്ചു മോചനം അടഞ്ഞു ഇരിക്കാനുള്ള വഴി കണ്ടെത്തി, അതു ലോകനന്മയ്ക്കായി ലോകരെ ധരിപ്പിച്ചു, ആ മാര്‍ഗ്ഗത്തെ ലോകര്‍ക്ക് മനസ്സിലാക്കി അതേപ്രകാരം മോചനം അടഞ്ഞു ഇരിപ്പാന്‍വേണ്ടി യത്നംചെയ്യുവാന്‍ ഒരു തറ കെട്ടിവെച്ചതാണ് സിദ്ധസമാജം.

Mission