മതം

  1. ലോകത്തില്‍ ഈശ്വരമതമല്ലാതെ മറ്റു യാതൊരു മതങ്ങളും ഇല്ല.
  2. ഹിന്ദുമതമെന്നത് ഇന്ദുമതമാണ്. ഇന്ദു എന്നത് ചന്ദ്രനാണ്. മതം എന്നതു സ്ഥാപനയാണ്. ചന്ദ്രനെന്നതു മനസ്സാണ്. ആ മനസ്സാകുന്ന ചന്ദ്രനെഈശ്വരനായിരിക്കുന്ന ജീവനില്‍ സ്ഥാപിക്കുന്നതു ഇന്ദുമതം.
  3. ഈശ്വരമതത്തെ അറിയാതെയിരുന്ന ഒരു കാലത്തു ബുദ്ധനെന്ന ഒരു മഹാന്‍ ഉത്ഭവിക്കുകയും, അദ്ദേഹം ഈശ്വരമതത്തിന്‍റെ തത്വത്തെ ഗ്രഹിച്ചു ഈശ്വരവിചാരം ചെയ്യേണ്ടതിനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗത്തെ സ്ഥാപിക്കുകയും ചെയ്തു അതിനു ആ മഹാന്‍ പുരോഹിതനായി. ആ പുരോഹിതനായ ബുദ്ധനെന്ന മഹാന്‍ സ്ഥാപിച്ചതു നിമിത്തം അതിനു അയാളുടെ പേരിന്നനുസരിച്ചു ബുദ്ധമതം എന്നു പേരുണ്ടായി. അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത് ഈശ്വരമതമാണ് ബുദ്ധമതമല്ല.
  4. ഒരു കാലത്തു ക്രിസ്തുവെന്ന ഒരു മഹാന്‍ ഉത്ഭവിക്കുകയും ഈശ്വരവിചാരം ചെയ്യേണ്ടതിന്നു ന്യായമായ മാര്‍ഗ്ഗം സ്ഥാപിക്കുകയും ചെയ്തു. അതും ഈശ്വരമതമായിരുന്നു.
  5. മുഹമ്മദ് എന്ന മഹാന്‍ ഒരു കാലത്തു ഉത്ഭവിക്കുകയും, അദ്ദേഹവും ഈശ്വരവിചാരം ചെയ്യേണ്ടതിന്നു ന്യായമായ മാര്‍ഗ്ഗം സ്ഥാപിക്കുകയും ചെയ്തു അതും ഈശ്വരമതം തന്നെയായിരുന്നു.
  6. ഈശ്വരമതം ഇന്നതെന്നറിയാതെ പലേ എടുപ്പുകളും ഉണ്ടാക്കി അതുകള്‍ക്കു ദേവാലയമെന്നും, ചര്‍ച്ചെന്നും, പള്ളിയെന്നും പറഞ്ഞു അതുകളില്‍ ചിലതില്‍ ബിംബാദികള്‍ സ്ഥാപിച്ചു. അതുകളെ ഈശ്വരനാണെന്നു സങ്കല്പിച്ചു അവിടങ്ങളില്‍ ബുദ്ധിഹീനന്മാരായി നരബലിയെന്നും, അശ്വബലിയെന്നും, അജബലിയെന്നും, കുക്കുടബലിയെന്നും മറ്റും പറഞ്ഞു മനുഷ്യരെന്നും കുതിരയെന്നും ആടെന്നും കോഴിയെന്നും അഭിമാനിച്ചു വരുന്നവയേയും മറ്റു പല ജീവികളേയും അറുത്തു അതികഠിനമായ ക്രൂരവൃത്തി ചെയ്തു കൊണ്ടിരുന്ന കാലങ്ങളില്‍ മേല്പറഞ്ഞ മഹാന്മാര്‍ ഉത്ഭവിച്ചു അവരുടെ ബുദ്ധിശക്തികൊണ്ടു ഇതിന്‍റെ യഥാര്‍ത്ഥത്തെ ആലോചിച്ചു ഗ്രഹിച്ചു. ലോകത്തില്‍ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടും മേല്പറഞ്ഞ വധങ്ങള്‍ തെറ്റാണെന്നും, ലോകമെന്നതു തന്‍റെ ശക്തിയില്‍ നിന്നുത്ഭവിച്ചതാണെന്നും ആ ശക്തിയെ തന്നില്‍ തന്നെ അടക്കം ചെയ്യേണ്ടതാണെന്നും, ആണ് അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തില്‍ ഏതേതു മഹാന്മാര്‍ ഉത്ഭവിച്ചിട്ടുണ്ടോ അവരൊക്കെയും പറഞ്ഞത് ഒരേ മാര്‍ഗ്ഗം തന്നെയാണ്. അതുതന്നെയാണ് ഈശ്വരമതം.