വിഗ്രഹാരാധന

വിഗ്രഹാരാധനയെന്നാല്‍ എന്ത്? എന്തിനാണാരാധിക്കുന്നത്? എങ്ങിനെ ആരാധിക്കണം? ഏതിനെ ആരാധിക്കണം? വിഗ്രഹത്തെ അറിയാഞ്ഞാല്‍ ആരാധിക്കാന്‍ കഴിയുമോ? ഇല്ല. ആരാധിക്കുന്നതു എന്തിനുവേണ്ടിയെന്നാല്‍ ഏതോ കാര്യസാദ്ധ്യത്തിനാണ്. നമുക്കു എന്തു കാര്യമാണ് സാധിക്കാനുള്ളത്? മോക്ഷസിദ്ധി. മോക്ഷം ആര്‍ക്ക്? ജീവനോ, ജഡത്തിനോ? ജീവനില്ലെങ്കില്‍ ശവമായി  ശവത്തിനു മോക്ഷം ആവശ്യമില്ല. അപ്പോള്‍ ജീവനാണ് മോക്ഷം വേണ്ടത്. എന്നാല്‍, ഇന്നത്തെ വിഗ്രഹാരാധനകൊണ്ടു മോക്ഷം സിദ്ധിക്കുമോ? ഇല്ല.
സാധാരണ ഒരു വിശ്വാസം പരക്കെയുണ്ട്; ആയത്, ജനിച്ചാല്‍ ചത്തുപോകുമെന്ന്. അപ്രകാരമാണെങ്കില്‍ ഈശ്വരസേവയുടെ ആവശ്യമെന്ത്? മരണത്തിനപ്പുറം അജ്ഞാതമായിരിക്കെ എന്തിനതേപ്പറ്റി ചിന്തിക്കുന്നു? അതു സത്യമോ അസത്യമോ ആകട്ടെ; ജനിച്ചാല്‍ ചത്തുപോകുന്നു; എങ്കില്‍ പിന്നെ ഈശ്വരസേവ ആവശ്യമില്ലെന്നു വരുന്നു. എന്നു മാത്രമല്ല ആശ്രിതവത്സലന്‍ എന്ന ഈശ്വരനാമം അര്‍ത്ഥമില്ലാത്തതായും തീരുന്നു. അങ്ങിനെ വരുമോ? ഒരിക്കലും ഇല്ല.
ഈശ്വരസേവ ആര്‍ക്ക്? ജഡത്തിനോ, ജീവനോ? മോക്ഷാവകാശിയായ ജീവന്. ആ ജീവന്‍ ഈശ്വരാംശമാണ്.

പ്രാണപ്രതിഷ്ഠ:

വിഗ്രഹത്തെ അറിഞ്ഞു അതില്‍ പ്രാണനെ പ്രതിഷ്ഠിക്കുമ്പോള്‍ ഈശ്വരലാഭം ഉണ്ടാകുന്നു. അപ്പോഴാണ് ഈശ്വരനെ സേവിച്ചു മോക്ഷം അടയാനാകുന്നത്. വിഗ്രഹമെന്നാല്‍-വി + ഗ്രഹം; വി = വിശേഷം  അതായത് അറിവ് , ഗ്രഹം = വീട്, അതായത് അറിവിന്‍റെ വീട്. അവിടെ പ്രാണനെ പ്രതിഷ്ഠിക്കുന്നതാണ് പ്രാണപ്രതിഷ്ഠ. ആയത് തന്നുള്ളില്‍ സ്ഥിതി ചെയ്യുന്ന ജ്യോതിസ്സായ പ്രാണനെ ബലപ്പെടുത്തുന്നതാണ്. മറ്റുവിധത്തില്‍ പറഞ്ഞാല്‍, പഞ്ചേന്ദ്രിയങ്ങള്‍ വഴിയായി രാഗദ്വേഷാദികളായ എട്ടുഗുണങ്ങളോട് കൂടി പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന ജീവനെ അതിന്‍റെ ഉത്ഭവസ്ഥാനമായ ഭ്രൂമദ്ധ്യത്തില്‍ ചലിക്കാതെ നിര്‍ത്തുന്നതാണ്. വിഗ്രഹം എന്നത് പ്രതിമയല്ല. വിശേഷഗ്രഹമായ ഭ്രൂമദ്ധ്യമാണ്. ആയത് ഗാത്രക്ഷേത്രമായ ശിരസ്സിലാണുള്ളത്.

ക്ഷേത്രോപവാസം:

ഗാത്രക്ഷേത്രമായ ശിരസ്സിന് ഒമ്പതു വാതിലുകളാണുള്ളത്. അവയെ, നവദ്വാരങ്ങള്‍ എന്നറിയപ്പെടുന്നു. നമ്മുടെ ചെവികളും കണ്ണുകളും നാലുഗോപുര വാതിലുകളാണ്. ഇവകളെ കടന്നുപോയാല്‍ ചുറ്റമ്പലം, അതായതു നാലമ്പലമായ മേല്‍വായ്ക്കുപോകാം. ചുറ്റമ്പലമെന്നു പറവാന്‍ കാരണം വായിനെ കം എന്നു മൂടിവെക്കുന്ന സമയം മേല്പറഞ്ഞ സ്ഥലത്തില്‍ വായുനിറഞ്ഞു ചുഴന്നുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. ആ ചുറ്റമ്പലത്തിന് മൂന്നു വാതിലുകളുണ്ട്. അവ മൂക്കിന്‍റെ ദ്വാരങ്ങള്‍ വായ് ഇവയാണ്. ആ ചുറ്റമ്പലത്തെ കടന്നുപോയാല്‍ അവിടെ മൂലസ്ഥാനത്തിനു മുമ്പിലുള്ള നമസ്ക്കാര മണ്ഡപമായ അണ്ണാക്കെന്നു പറയുന്ന ഒരു സ്ഥലമുണ്ട്. അണ്ണാക്കില്‍നിന്നും നേരെ മേലെ മൂലസ്ഥാനത്തേക്കു പോകാന്‍ രണ്ടു ദ്വാരങ്ങളുണ്ട്. അവക്കാണ് ഗുദമെന്നു പറയുന്നത്. ഗുദത്തില്‍നിന്നാണ് ശബ്ദം ഉത്ഭവിക്കുന്നത്. ആയതു ഏതുപോലെയെന്നാല്‍ നമസ്ക്കാര മണ്ഡപത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്ന മണി അടിച്ചുകൊണ്ടാണ് ശ്രീകോവിലിനകത്തേക്കു സാധാരണ കടക്കുന്നതും പുറത്തു വരുന്നതും. അപ്രകാരം തന്നെ നമസ്ക്കാര മണ്ഡപമാകുന്ന അണ്ണാക്കില്‍ നിന്നു ശ്രീകോവിലിന്‍റെ അകത്തു ജീവശക്തിയായ വായു കടക്കുമ്പോള്‍ ഉള്ളില്‍ ഒതുങ്ങിയ ശബ്ദവും, വായു പുറത്തേക്കു വരുമ്പോള്‍ വാക്കായ ശബ്ദവും ഉണ്ടാകുന്നു. അതിനാലാണവിടം ഗുദമെന്നു പറയുന്നത്. അണ്ണാക്കില്‍നിന്നു മേല്പോട്ടുള്ള രണ്ടു ദ്വാരങ്ങളും മൂക്കിന്‍റെ രണ്ടു ദ്വാരങ്ങളും തമ്മില്‍ ചേരുന്നതു ഭ്രൂമദ്ധ്യത്തിനു തൊട്ടുതാഴെയുള്ള സ്ഥലത്താണ്. അവിടെ നിന്നാണ് ആകാശാംശമായ ശബ്ദം ഉത്ഭവിക്കുന്നത്. അവിടമാണ് ഗുദം. ആ, ഗുദദ്വാരം വഴി ജീവന്‍ അകത്തേക്കു കടന്നു പോയാല്‍ മൂലസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തെ കാണാം. ആ ശിവലിംഗം അതിനു താഴെയുള്ള പാതാളത്തില്‍ ശബ്ദരൂപേണ ദഹിച്ചു നശിച്ചുപോകാതെ പിടിച്ചു നിര്‍ത്തുന്നതു കുണ്ഡലിനി ശക്തിയായ പാര്‍വ്വതിയാണ്. ക്ഷേത്രോപവാസം ചെയ്യുകയെന്നത് ഗാത്രക്ഷേത്രത്തില്‍ ജീവന്‍ ഉപവസിക്കലാണ്. ഉപവസിക്കുകയെന്നത്- കുടിയിരിക്കുക, അല്ലെങ്കില്‍ ചേര്‍ന്നിരിക്കുകയാണ്. ഏതിനോടെന്നാല്‍ ഈശ്വരനോട്. അപ്രകാരം ചേര്‍ന്നിരിക്കുമ്പോള്‍ പുറമെനിന്നു ഭക്ഷണസാധനങ്ങള്‍ എടുക്കുവാന്‍ സാധ്യമല്ല. എന്നാല്‍, ക്ഷേത്രോപവാസം പട്ടിണികിടക്കലല്ല. ഗാത്രക്ഷേത്രത്തില്‍ പ്രതിഷ്ഠാസ്ഥാനമായ ഭ്രൂമദ്ധ്യത്തിലിരിക്കുന്ന ഈശ്വരനോടു ജീവനെ ഐക്യപ്പെടുത്തുന്നതാണ്. ഇപ്രകാരം ഏതൊരാള്‍ ചെയ്യുന്നുവോ; അവര്‍ക്കു ജീവന്‍ ഊര്‍ദ്ധ്വഗതിയായി, മേലെയിരിക്കുന്ന ശിവലിംഗത്തോടു ചേര്‍ന്നു തന്നില്‍ ലയിച്ചു കൈവല്യത്തെ പ്രാപിക്കാം. ഇപ്രകാരമാണ് ക്ഷേത്രം, ക്ഷേത്രോപവാസം, വിഗ്രഹം, വിഗ്രഹാരാധന എന്നിവകളുടെ യഥാര്‍ത്ഥ താല്പര്യം.

സ്വരൂപാരാധന:

വിഗ്രഹാരാധനയെന്നാല്‍ സ്വരൂപാരാധന-സ്വരൂപാനുസന്ധാനം. സ്വരൂപം=തന്‍റെ രൂപം, തന്‍റെ രൂപം കളങ്കരഹിതമാണ്. അതിനു നാമരൂപാദികളില്ല. ജീവന്‍റെ പരിശുദ്ധനില പ്രാപിക്കാനുള്ള പരിശീലനമാണ് സ്വരൂപാരാധന. അതു തൂങ്കാമല്‍ തൂങ്കുകിറ ഉറങ്ങാതെ ഉറങ്ങുന്ന അവസ്ഥയാകുന്നു. ഈ പരിശീലനംകൊണ്ടു തന്‍റെ നിഷ്ക്കളങ്കമായ സ്വരൂപപ്രാപ്തി ഉണ്ടാകുന്നു. അപ്പോള്‍ താനായി തന്മയമായി; ആത്മസാക്ഷാല്‍ക്കാരമാകുന്ന ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിക്കും. ഇതാണ് സ്വരൂപാരാധന. അതായതു വിഗ്രഹാരാധന.