ചതുര്‍വര്‍ണ്ണം

  1. നാലു വര്‍ണ്ണങ്ങളും അവരവരില്‍ നിന്നുത്ഭവിക്കുന്നതാണ്. ആയത് മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം ഇതുകളാണ്.
  2. മനസ്സ് ബ്രാഹ്മണനും, ചിത്ത് എന്നതു പ്രകാശമാകയാല്‍ ആയതു ക്ഷത്രിയനും, ബുദ്ധിയെന്നതു വൈശ്യനും, അഹങ്കാരമെന്നതു ശൂദ്രനുമാണ്.
  3. ബ്രാഹ്മണരെന്നവര്‍ നിത്യാനിത്യവിവേകം ചെയ്യുന്നവരാണ്. നിത്യാനിത്യ വസ്തു അറിയപ്പെടുമ്പോള്‍ അവര്‍ ബ്രാഹ്മണരായി; അവനാണ് വൈദികന്‍. അതുകൊണ്ട് വേദത്തിന്‍റെ അധികാരസ്ഥന്‍ ബ്രാഹ്മണനാണ് വേദമെന്നത് അറിവാണ്. അറിവിന്‍റെ അധികാരസ്ഥന്‍ മനസ്സാണ്. മനസ്സില്ലെങ്കില്‍ യാതൊരറിവുമില്ല. ബ്രാഹ്മണനെന്നാല്‍ തന്നില്‍നിന്നു ചലിച്ചു പുറത്തിനുള്ളില്‍ വ്യാപിച്ചിരിക്കുന്ന മനസ്സിനെതാനായി നിത്യമായിരിക്കുന്ന തന്നില്‍തന്നെ ലയിക്കച്ചെയ്തു തന്മയമാകുന്നവരാണ് ബ്രാഹ്മണര്‍.
  4. ക്ഷത്രിയന്‍ ചിത്തായിരിക്കുന്ന പ്രകാശമാണ്. ക്ഷത്രിയന്‍റെ പ്രവൃത്തി ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടപരിപാലനം ചെയ്യലാണെന്നു പറഞ്ഞുവല്ലൊ. ദുഷ്ടന്‍ എന്നു പറയുന്നത് നമ്മില്‍ നിന്നുഉത്ഭവിക്കുന്ന രാഗദ്വേഷാദി ദുര്‍വിചാരങ്ങളാണ്. ശിഷ്ടന്‍ എന്നതു മനസ്സാണ്. ആ മനസ്സിനു മറ്റു ദുര്‍വിചാരങ്ങളെക്കൊണ്ട് വേദമായിരിക്കുന്ന അറിവിനു തടസ്സങ്ങള്‍ വരുന്നു. ആ തടസ്സങ്ങളെ ക്ഷത്രിയനായിരിക്കുന്ന പ്രകാശത്താല്‍ വെട്ടി നശിപ്പിച്ചു മനസ്സിനു അറിവു നിലനിറുത്തുന്നതാണ് ശിഷ്ടപരിപാലനം. തന്‍റെ ജീവനെതന്നില്‍ പ്രകാശിപ്പിച്ചു രാഗദ്വേഷാദികളായിരിക്കുന്ന ശത്രുക്കളെ നശിപ്പിച്ചു തന്‍റെ മനസ്സിനു യാതൊരു ഇളക്കവും കൂടാതെ സ്ഥിരപ്പെടുത്തുന്നവരാണ് ക്ഷത്രിയര്‍.
  5. വൈശ്യന്‍ ബുദ്ധിയാണ്. ഗോരക്ഷ, കൃഷി, വാണിഭം മുതലായിട്ടുള്ളവയാണ് വൈശ്യന്‍റെ പ്രവൃത്തി. “ഗോ” എന്നതു ശബ്ദമാണ്. ശബ്ദത്തെ രക്ഷിക്കേണ്ടത് ബുദ്ധിയാണ്. അതായതു തന്നില്‍ നിന്നുത്ഭവിക്കുന്ന ശബ്ദത്തെ തന്നില്‍തന്നെ നിറുത്തുക. എപ്പോള്‍ തന്‍റെ ശബ്ദത്തെ നശിപ്പിക്കാതെ തന്നില്‍തന്നെ നിര്‍ത്തുന്നുവോ അപ്പോള്‍ കൃഷിയായി, കൃഷിയെന്നത് ശിരസ്സില്‍, സുഷുമ്നയില്‍ തന്‍റെ ശക്തിയെ ഒതുക്കുന്നതാണ്. അപ്രകാരം കൃഷി ചെയ്തിരിക്കുന്ന ശക്തിയെ തന്നില്‍തന്നെ വ്യാപരിപ്പിക്കുന്നതാണ് വ്യാപാരം. അപ്രകാരം പ്രവര്‍ത്തിച്ചു ഭക്ഷണ സാധനങ്ങള്‍ ബ്രാഹ്മണന്നു കൊടുക്കേണ്ടത് വൈശ്യന്‍റെ പ്രവൃത്തിയാണ്. ഭക്ഷണസാധനങ്ങള്‍ കിട്ടിയില്ലെങ്കില്‍ ബ്രാഹ്മണന്‍ നശിച്ചുപോകുന്നു. അതിനാല്‍ വാക്കായിരിക്കുന്ന ശബ്ദത്തെ ശക്തിയെ തന്നില്‍ തന്നെ ഒതുക്കി വ്യാപരിപ്പിച്ചാല്‍ മനസ്സ് വിചാരാദികളായി പുറത്തിനുള്ളില്‍ നശിച്ചുപോകുന്നതല്ല. അപ്പോള്‍ ബ്രാഹ്മണനായിരിക്കുന്ന മനസ്സിനു നാശമില്ലാതെ തന്നില്‍തന്നെ ലയിക്കുന്നു. ഇതാണ് വൈശ്യനായിരിക്കുന്ന ബുദ്ധിയുടെ പ്രവൃത്തി.
  6. ശൂദ്രന്‍ അഹങ്കാരമാണ്. ഞാനെന്ന അഹങ്കാരത്തിന്നാണ് അനവധി ജാതികളുള്ളത്. ആ ജാതികള്‍ എന്നു പറയുന്നതു പലേ വിചാരങ്ങളാണ്. അതായത് ഞാന്‍ സ്ഥാനി, മാനി, പണ്ഡിതന്‍ മറ്റവന്‍ ചണ്ഡാളന്‍, മൂഢന്‍, പറയന്‍ എന്നിങ്ങനെ ഉള്ള വിചാരങ്ങളാണ്. ചണ്ഡാളനെന്നു പറയുന്നതു കക്കുക, കളവു പറയുക, ചതിക്കുക, കൊലപ്പെടുത്തുക, വ്യഭിചരിക്കുക ഇത്യാദികളായ ദുര്‍വൃത്തികള്‍ ചെയ്യുന്നവരും, ചെയ്യേണമെന്നുള്ള വിചാരത്തോടുകൂടിയവരുമാണ്. ഈവക ജാതികളെയാണ് ഏറ്റവും അകലെ നിര്‍ത്തുവാന്‍ പറഞ്ഞിട്ടുള്ളത്. ശൂദ്രനായിരിക്കുന്ന അഹങ്കാരത്തിനാല്‍ ഉണ്ടാക്കപ്പെട്ട മേല്പറഞ്ഞ എല്ലാ വിചാരങ്ങളേയും പ്രവൃത്തികളേയും ത്യജിച്ചു ബ്രാഹ്മണനായിരിക്കുന്ന മനസ്സിന്‍റെ പാദസേവയാണ് ചെയ്യേണ്ടത്. പാദം എന്നതു സ്ഥാനമാണ്. മനസ്സിന്‍റെ ഉത്ഭവസ്ഥാനമായ ഭ്രൂമദ്ധ്യത്തെ സേവിക്കുകയാണ് ശൂദ്രന്‍റെ പ്രവൃത്തി. തന്‍റെ മനസ്സിന്‍റെ ഉത്ഭവസ്ഥാനമായ ഭ്രൂമദ്ധ്യത്തെ ആശ്രയിച്ചു അവിടേക്ക് തന്‍റെ ജീവനെകൊണ്ടുപോയി ചേര്‍ത്താന്‍ വേണ്ടി യത്നം ചെയ്യുന്നവനാണ് ശൂദ്രന്‍. ഇതാണ് ബ്രാഹ്മണ പാദസേവ.
  7. ആകയാല്‍ ജാതികളെന്നത് ഇല്ലാത്തതാണ്. തന്നെ താന്‍ അറിയുമ്പോള്‍ ഈവക വ്യത്യാസങ്ങളെല്ലാം നശിക്കും.