സ്വാമി ശിവാനന്ദ പരമഹംസരാല് കണ്ടുപിടിക്കപ്പെട്ടതാണ് സിദ്ധവിദ്യ; ആ വിദ്യ അറിയുന്ന ആര്‍ക്കും മറ്റൊരാള്‍ക്ക് കാണിച്ചു കൊടുക്കാവുന്നതാണ്. ആയതിന്ന് യാതൊരാള്‍ക്കും പ്രതിഫലം വാങ്ങാന്‍ പാടില്ല. ആയതിന്നു വിദ്യ ഗ്രഹിക്കുന്ന ആള്‍ക്കു അതു ഗ്രഹിക്കേണമെന്നുള്ള ഇച്ഛമാത്രമേ ആവശ്യമുള്ളൂ. വിദ്യ ഗ്രഹിച്ച ശേഷം പിന്നീട് അത് പ്രവര്‍ത്തിച്ചു ഫലമുണ്ടാക്കുന്നതു വിദ്യ ഗ്രഹിച്ച ആളിന്റെ ചുമതലയാണ്. അതല്ലാതെ, സിദ്ധവിദ്യ കാണിച്ചുകൊടുത്ത ആള്‍ക്ക് അതു ഗ്രഹിച്ചവരെ സംബന്ധിച്ചു യാതൊരു ഉത്തരവാദിത്വമോ ചുമതലയോ ഇല്ലാത്തതാണ്. സമത്വം, സ്വാതന്ത്ര്യം എന്നിവ സൃഷ്ടിക്കുവാനും ഗുരുശിഷ്യന് എന്ന ലൗകീകരീതി എടുത്തുകളയുവാനും ഉദ്ദേശിച്ചു പ്രവര്‍ത്തിക്കുന്ന ഒരു മഹാത്മാവ് ‘സിദ്ധോപദേഷ്ടാവ്’ എന്ന ഒരു സൃഷ്ടിയെ സൃഷ്ടിച്ചതായി ആരും തന്നെ തെറ്റിദ്ധരിക്കരുത്.
ഉപദേശം ഗ്രഹിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍
സ്വാമി ശിവാനന്ദ പരമഹംസരാല് 1920 മുതല്‍ നടപ്പില്‍ വരുത്തപ്പെട്ട സിദ്ധസമാജ ആദര്‍ശങ്ങള്‍
അവനവന്റെ ഉള്ളില്‍ നിന്നു അധോഗതിയായി പുറമെ പോയി നശിച്ചുകൊണ്ടിരിക്കുന്ന ജീവനെ പുറമെ വിടാതെ ഉള്ളില്കൂടെ മേല്പോട്ടും കീഴ്പോട്ടും നടത്തി മേലേയിരിക്കുന്ന ഈശ്വരനോട് ചേര്‍ന്നു ജീവേ ശ്വരോരൈക്യ മായി തന്നെത്താനെ ബ്രഹ്മരന്ധ്രത്തില്‍ ലയിപ്പിച്ചു മോക്ഷം അടയുന്നതിന്നുവേണ്ടി ജീവനെക്കൊണ്ടുള്ള അഭ്യാസമാണ് സിദ്ധവിദ്യ.
സിദ്ധവിദ്യ ഗ്രഹിച്ച ഏതൊരാള്‍ക്കും ഈ വിദ്യ ഏതൊരാള്‍ ആവശ്യപ്പെടുന്നുവോ അവര്‍ക്കെല്ലാം സത്യവാചകത്തിന്മേല് കാണിച്ചു കൊടുക്കാവുന്നതാണ്. എന്നാല്‍ ഈ വിദ്യകൊടുത്തു ദക്ഷിണ വാങ്ങുകയോ, മറ്റുവല്ല പ്രതിഫലം വാങ്ങുകയോ ചെയ്യാന്‍ പാടില്ല. ഈ വിദ്യ ജീവരക്ഷാര്‍ത്ഥമാണ്. ജീവരക്ഷാര്ത്ഥത്തിനു യാതൊരു പ്രതിഫലവും വാങ്ങാന്‍ പാടില്ല. അങ്ങനെ വാങ്ങുന്നവര്‍ മഹാചണ്ഡാളന്മാരാണ്. മേല്‍പ്രകാരം ദക്ഷിണ കൊടുത്തോ, പ്രതിഫലം കൊടുത്തോ ഉപദേശം ആരും വാങ്ങരുത്. അവര്‍ക്കു ഒന്നോ രണ്ടോ നേരത്തെ ആഹാരങ്ങളോ, ഉടുക്കാന്‍ വസ്ത്രമില്ലെങ്കില്‍ വസ്ത്രമോ കൊടുക്കേണ്ടതും അതു അവര്‍ക്ക് സ്വീക രിക്കാവുന്നതുമാണ്. ഇതല്ലാതെ, “നോം ഉപദേശം കൊടുത്തവന്, നാമെ ഗുരു, നമുക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്തു തരണം” എന്നും മറ്റും പറഞ്ഞു അനാവശ്യച്ചെലവു ചെയ്യിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യിക്കുന്നവര്‍ തങ്ങളുടെ കാരണഗുരുവായ മനസ്സിനു എതിരായി പ്രവൃത്തിക്കുന്ന വരാകയാല്‍ അവര്‍ ഗുരുഭൃഷ്ടന്മാരാണ്. കൂടാതെ സിദ്ധവിദ്യാസംഘം എന്നതിനെ കൊല്ലവര്‍ഷം 1111 മീനം 1-നുക്ക് (യുവവര്‍ഷം പങ്കുനിമാസം 1 നു) എടുത്തു കളഞ്ഞിരിക്കുന്നു. അതിനുപകരം സിദ്ധവിദ്യാഭ്യാസാലയം എന്നതിനെ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ സിദ്ധവിദ്യാ സംഘം എന്നതിനെ ഏര്‍പ്പെടുത്താന്‍ പാടില്ല.
സ്വാമി കല്പന
1. മദ്യം, കഞ്ചാവ്, അഫിന്, ചുരുട്ട്, ബീഡി, സിഗരറ്റ്, പൊടി, ശവം അതായത് മത്സ്യമാംസം, കരു അടങ്ങിയ മുട്ട എന്നിവയില്‍ വല്ലതെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആയതു സ്വാമി ശിവാനന്ദപരമഹംസര്ക്കായിക്കൊണ്ട് ദക്ഷിണകൊടുക്കണം. ദക്ഷിണ ചെയ്ത വസ്തുവിനെ തിരിയെ സ്വീകരിക്കുന്നതു യോജ്യമല്ല.
2. സ്വാമിശിവാനന്ദപരമഹംസരാല് കണ്ടുപിടിക്കപ്പെട്ട “സിദ്ധവിദ്യ” ഗ്രഹിക്കണം. “സിദ്ധവിദ്യ” എന്നാല്‍ തങ്കല് ഇരിക്കുന്നതും, അധോഗതിയായി പുറത്തേക്കു പോയിക്കൊണ്ടിരിക്കുന്നതും ആയ ജീവനെമേല്പ്രകാരം പുറത്തേക്കുവിടാതെ തന്നുള്ളില്കൂടി സദാസമയവും മേല്പോട്ടും, കീഴ്പോട്ടും നടത്തി തങ്കല് ഇരിക്കുന്ന ബ്രഹ്മരന്ധ്രത്തെ തട്ടിത്തുറന്നു അതില്‍ ജീവനെഅടക്കി ഇരുത്താന്‍ പഠിക്കുന്നതാണ്.
3. സിദ്ധസമാജസ്ഥന്റെ തത്വപുസ്തകം സ്വാമി ശിവാനന്ദ പരമഹംസരാല് രചിക്കപ്പെട്ട “സിദ്ധവേദം” എന്ന ഗ്രന്ഥമാകുന്നു.