താനും, തന്നാല്‍ എന്തൊന്നു കാണായതോ ആയതൊക്കേയും, തങ്കല്‍നിന്നു പ്രതിബിംബിച്ചതാണെന്നും ആയതു തന്‍റെ ജീവന്‍ തന്നെയാണെന്നും ഉള്ള ദൃഢവിശ്വാസത്തോടുകൂടി യാതൊന്നിലും ഭേദമില്ലാതെയും രാഗം, ദ്വേഷം, മദം, മത്സരം, കാമം, ക്രോധം, ലോഭം, മോഹം, ഡംഭു, അസൂയ, ദര്‍പ്പം, ഈര്‍ഷ്യ, അഹങ്കാരം, ഇച്ഛ ഇതുകള്‍ വിട്ടു – രാഗദ്വേഷവിഹീനന്മാരായി, നിഷ്ക്കപടന്മാരായി, നിര്‍മ്മലന്മാരായി, നിഷ്ക്കാമികളായി, നിര്‍ദ്ദോഷികളായി, നിരഹങ്കാരികളായി, സമബുദ്ധികളായി, സര്‍വ്വദാ സന്തുഷ്ടന്മാരായി, വാക്കും മനസ്സും പ്രവൃത്തിയും ഒന്നാക്കി, സമഭാവനയോടുകൂടി, ഇഷ്ടാനിഷ്ടങ്ങള്‍ തുല്യഭാവത്തോടെ സഹിച്ചു, പുത്രദാരാദികളില്‍ നിസ്നേഹത്വം ചെയ്തു, നിത്യവൃത്തികള്‍ക്ക് ഇളക്കം വരുത്താതെ, സത്യത്തെമാത്രം നിലനിറുത്തി, മഹാശാന്തനായി, സര്‍വ്വദാ ലോകശാന്തി, ലോകശാന്തി, ലോകശാന്തി എന്നുള്ള ഉദ്ദേശത്തോടുകൂടിയും ഏകഭക്തിയായിരിക്കുന്ന ദൃഢപ്രജ്ഞയേയും ശ്രദ്ധയേയും മുന്‍നിറുത്തി, ഏകോദര സഹോദരസ്നേഹത്തോടെ വര്‍ത്തിക്കുന്നവനുമായി യാതൊരാള്‍ ഉണ്ടോ അവനാണ് സിദ്ധസമാജസ്ഥന്‍.

സിദ്ധസമാജസ്ഥനായാലുള്ള അനുഷ്ഠാനങ്ങള്‍
1. ദിനേനപുലര്‍ച്ചെ മൂന്നു മണിമുതല്‍ അഞ്ചേ ഇരുപതുവരേയും ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ രണ്ടേ ഇരുപതു വരേയും സന്ധ്യക്ക് ആറു മണി മുതല്‍ ഏഴു മണിവരേയും രാത്രിയില്‍ ഏഴരമണിമുതല്‍ ഒന്‍പതേ അന്‍പതുവരേയും സമാജക്കാരോടുകൂടെ ഒന്നായി സിദ്ധവിദ്യ പ്രവര്‍ത്തിക്കണം.
- സിദ്ധസമാജസ്ഥന്മാര്‍ ജപസമയങ്ങളിലും മറ്റും സമാജാ ദര്‍ശപ്രകാരം നഗ്നരൂപികളായി വര്‍ത്തിക്കണം.
- വിദ്യ പ്രവര്‍ത്തിക്കുന്നതില്‍, നിവര്‍ന്നിരുന്നു അന്യനെനോക്കാതെയും അന്യന്‍റെ പ്രവൃത്തിയെപ്പറ്റി ചിന്തിക്കാതെയും സിദ്ധവിദ്യ പ്രവര്‍ത്തിക്കണം.
- സിദ്ധവിദ്യ പ്രവര്‍ത്തിക്കുന്നതിനു ‘ജപം’ എന്നു പേര്‍.
- സിദ്ധവിദ്യ പ്രവര്‍ത്തിക്കുന്നതു വളരെ നയത്തില്‍ മേല്പോട്ടും കീഴ്പോട്ടും സമമായി പ്രാണായാമം ചെയ്യുന്നതല്ലാതെ യാതൊരു വിധേനയും വായു നിരോധം ചെയ്യരുത്.
- വിദ്യയിലെ രഹസ്യാനുഭവങ്ങളെ പറയുകയോ, ചോദിക്കുകയോ ചെയ്യരുത്.
- വിദ്യ പ്രവര്‍ത്തിച്ചു അനുഭവത്തില്‍ വരുമ്പോള്‍ വേറിട്ടു മൗനത്തില്‍ ഇരിക്കണം.
- വിദ്യകൊണ്ടു യാതൊരുവിധത്തിലും ‘ചിത്താ’ട്ടരുത്. അതായത് താന്‍ സിദ്ധനെന്നു അഭിമാനിച്ചു താന്‍ സമ്പാദിച്ച ശക്തികൊണ്ട് യാതൊരു അത്ഭുതക്രിയകളും നടത്തരുത്.
- വിദ്യ പ്രവര്‍ത്തിക്കുന്ന സമയത്ത് ഉറങ്ങരുത്.
- വിദ്യ പ്രവര്‍ത്തിക്കുന്ന സമയത്തു വിദ്യ പ്രവര്‍ത്തിക്കുന്നതല്ലാതെ മറ്റു യാതൊരു പ്രവൃത്തികളും ചെയ്യരുത്.
- വിദ്യ പ്രവര്‍ത്തിച്ചുകൊണ്ട് ഭ്രൂധ്യാനത്തോടുകൂടെ ഒരാള്‍ ജീവന്‍റെ ഊര്‍ദ്ധ്വഗതിയെ പ്രാപിച്ചു മരിച്ചാല്‍ അയാളെ സമാധികെട്ടി ഇരുത്തണം. അല്ലാതെ അയാളുടെ ജഡത്തെ ചുട്ടുകളയരുത്.
2. സിദ്ധവിദ്യ ഗ്രഹിച്ച സഹോദരങ്ങള്‍ യാതൊരാളും പ്രത്യേകം പ്രത്യേകം ആഹാരം കഴിക്കരുത്. അവര്‍ എപ്പോഴും ഒന്നായിരുന്നു ‘സഗ്ദ്ധി – സപീതി’ ചട്ടത്തിന്നനുസരിച്ചേ ആഹാരം കഴിക്കാവൂ. സഗ്ദ്ധി-സപീതി എന്നാല്‍ ഒരു പാത്രത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാം ഒന്നായിച്ചേര്‍ത്തു ഏക രുചിയാക്കി, അതിനെ ഒരേ ഇലയില്‍ വിളമ്പി ആയതില്‍നിന്നു എല്ലാവരും ഒന്നായി ചേര്‍ന്നിരുന്നു വാരി ഉണ്ണുന്നതാണ് ‘സഗ്ദ്ധി’, ഒന്നായി പാനം ചെയ്യുന്നതു ‘സപീതി’ യും ആകുന്നു.
- അതിഥി സല്ക്കാരത്തിനു ശേഷമേ താന്‍ ആഹാരം കഴിക്കാവൂ.
- മരപ്പുളി, കടുക്, ചായ എന്നിവ ഉപേക്ഷിക്കണം
- കാപ്പി ടിക്കേഷന്‍ എടുത്തു അരിച്ചു ഉപയോഗിക്കാം. പൊടി വയറ്റില്‍ ചെന്നാല്‍ ദോഷമാകയാല്‍ അരിച്ചേ ഉപയോഗിക്കാവൂ.
3. യാതൊരു വികൃതവസ്ത്രങ്ങളോ വേഷങ്ങളോ ധരിക്കുകയോ പെരുമാറുകയോ ചെയ്യരുത്.
- വെള്ളവസ്ത്രമല്ലാതെ മറ്റു നിറത്തിലുള്ള വസ്ത്രങ്ങള്‍ പെരുമാറരുത്.
- ആഭരണങ്ങള്‍ അലങ്കരിക്കരുത്.
4. സന്യാസിയായോ മൗനിയായോ സഞ്ചരിക്കുകയോ ഇരിക്കുകയോ ചെയ്യരുത്.
5. യാതൊരുവിധത്തിലും മനസ്സിനെ ക്ലേശിപ്പിക്കുകയോ ജഡത്തെ ദണ്ഡിപ്പിക്കുകയോ ചെയ്യരുത്.
6. യാതൊരാളോടും നിന്ദിച്ചോ മത്സരിച്ചോ യാതൊന്നും എഴുതുകയോ പറയുകയോ വാദപ്രതിവാദത്തിന്നും തര്‍ക്കത്തിനും പോകുകയോ ചെയ്യരുത്.
7. ‘ധീരത’ എന്ന പരിചയും, ‘ക്ഷമ’ എന്ന വാളും ധരിച്ചു ഏതു കാര്യവും നിവൃത്തിക്കുവാന്‍ സദാ സന്നദ്ധനായിരിക്കണം.
8. സിദ്ധസമാജസ്ഥന്മാര്‍ അന്യോന്യം വയസ്സു മൂത്തവരെ അവരുടെ പേരോടുകൂടി ജ്യേഷ്ഠന്‍, ജ്യേഷ്ഠത്തി, അമ്മാമന്‍, അമ്മ, വലിയമ്മ എന്നു ചേര്‍ത്തിയും വയസ്സ് കീഴ്പോട്ടുള്ളവരെ പേരു പറഞ്ഞും മാത്രമേ വിളിക്കാവൂ.
9. അന്യോന്യ കൂട്ടുകെട്ട് പാടില്ല. സ്വകാര്യം സംസാരിക്കരുത്. സ്വകാര്യമായോ പ്രത്യേകമായോ യാതൊരു കത്തും അയക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
10. പകല്‍ ഉറങ്ങരുത്.
11. അന്യ സംഘങ്ങളില്‍ ചേരരുത്.
12. സമാജസ്ഥലം വിട്ടു പുറത്തുപോയി താമസിക്കരുത്.
(1). ആശ്രമ പ്രസിഡണ്ടിന്‍റെ പാസില്ലാതെ പുറത്തു പോകരുത്.
13. ക്രിമിനല്‍ കേസിനു പോകരുത്.
14. സാക്ഷി പറയാന്‍ ഇടകൊടുക്കരുത്.
15. അന്യ ദോഷങ്ങളെപ്പറ്റിയും അന്യരുടെ പ്രവൃത്തികളെപ്പറ്റിയും ചിന്തിക്കുകയോ, സംസാരിക്കുകയോ ചെയ്യരുത്. എപ്പോഴും തന്‍റെ പ്രവൃത്തിയെപ്പറ്റി ചിന്തിച്ചും, തന്‍റെ ദോഷത്തെ ഇല്ലായ്മ ചെയ്തും ഇരിക്കേണ്ടതാണ്.
16. അനാചാരങ്ങള്‍ യാതൊന്നും ദീക്ഷിക്കരുത്. പുല ബലികള്‍ ആചരിക്കരുത്. മന്ത്രതന്ത്രാദികളില്‍ പങ്കുകൊള്ളരുത്. ആഘോങ്ങള്‍ കൊണ്ടാടരുത്.
17. പുതിയ നാമധേയങ്ങള്‍ എടുക്കരുത്.
18. ഋതുവായാല്‍ വര്‍ജ്ജിക്കരുത്.
19. ആഹാര വ്യാപാരങ്ങള്‍ ചെയ്യരുത്.
20. രോഗികളെ സദാ ശുശ്രൂഷിക്കണം.
21. എല്ലാവരും സമത്വത്തില്‍ സ്വാതന്ത്ര്യ ജീവികളായി വര്‍ത്തിക്കണം. ആരേയും ഭയപ്പെടരുത്; ആരേയും സ്നേഹിക്കരുത്. ക്രോധത്തില്‍ പെരുമാറരുത്. യാതൊരു വിധത്തിലും ഉള്ള പവ്വറോ ഗര്‍വ്വോ പാടില്ല.
22. കഴിഞ്ഞുപോയ കാര്യങ്ങളെ സംബന്ധിച്ചു രാഗദ്വേഷമായി യാതൊന്നും ചിന്തിക്കരുത്.
23. മുന്‍ ബന്ധങ്ങള്‍ യാതൊന്നും വെക്കരുത്.
24. മറ്റൊരാളെ സംബന്ധിച്ചു ഒരു വാക്കുപോലും അവനവനോടു പറയുവാന്‍ ഇടകൊടുക്കരുത്. അതായതു നുണ കേള്‍ക്കരുത്.
25. യാതൊരു കുറ്റത്തിനും ഇടകൊടുക്കരുത്.
(1). അന്യ സ്ത്രീകളുമായി യാതൊരു വിധത്തിലും സഹകരിക്കരുത്.
26. സ്ത്രീകളുമായി അനാവശ്യ സംസാരം, കളി, ചിരി എന്നീ പെരുമാറ്റം നടത്തി വികാരം ഉണ്ടാക്കി ഇന്ദ്രിയത്തെ നശിപ്പിക്കാന്‍ ഇടകൊടുക്കരുത്.
27. സ്ത്രീകള്‍ പുരുഷന്മാരുമായി അഗണ്യതയിലും, ധീരതയിലും നയത്തിലും സന്തോഷത്തിലും മാത്രമേ പെരുമാറാവൂ.
28. സ്ത്രീ പുരുഷന്മാര്‍ അന്യോന്യം ശൃംഗാര രസങ്ങള്‍ പുറപ്പെടുവിക്കുകയും മുഖം കൊണ്ടും കണ്ണുകൊണ്ടും മറ്റും ഗോഷ്ഠികള്‍ കാണിക്കുകയും ചെയ്യരുത്.
29. സ്ത്രീകള്‍ക്കു ആത്മീയമായും രാഷ്ട്രീയമായും ഉള്ള ഗ്രാഹ്യങ്ങളും ഉണ്ടായിരിക്കണം.
30. കുട്ടികളെ ലാളിക്കരുത്. അവരെ എല്ലാവിധ കലാവിദ്യകളും അഭ്യസിപ്പിക്കണം. കുട്ടികളെ പ്രസവിച്ചു മൂന്നുകൊല്ലം കഴിഞ്ഞ ഉടനെ അവരെ അവരുടെ മുലകുടി നിര്‍ത്തി അവരെ പെറ്റമ്മമാരുടെ അരികില്‍ നിന്നു വേര്‍പെടുത്തി താമസിപ്പിച്ചു അവര്‍ക്കുവേണ്ടുന്ന എല്ലാ രക്ഷകളും ചെയ്യണം.
31. അന്യര്‍ക്ക് യാതൊരു പ്രവൃത്തികള്‍ക്കും പോയി അടിമപ്പെടരുത്. അടിയന്തിരമായ കാര്യങ്ങള്‍ക്കല്ലാതെ അന്യരെ യാതൊരു പ്രവൃത്തികള്‍ക്കും സഹായത്തിനായി വിളിക്കരുത്. സമാജാദര്‍ശത്തിന്നനുസരിച്ചു നടക്കുന്ന എല്ലാവരും എല്ലാ പ്രവൃത്തികളും അറിഞ്ഞിരിക്കേണ്ടതാണ്. ന്യായമായി എന്തു പ്രവൃത്തിയും എടുത്തു ഉപജീവനം കഴിക്കുന്നതല്ലാതെ മടിയനായി ഇരിക്കരുത്. വയസ്സന്‍മാരെക്കൊണ്ടും രോഗികളെക്കൊണ്ടും പ്രവൃത്തികള്‍ എടുപ്പിക്കരുത്.
32. നാട്ടുകൂട്ടങ്ങളിലും വ്യവഹാരങ്ങളിലും പങ്കെടുക്കരുത്.