സിദ്ധസമാജ സ്ഥാപകര്‍ സ്വാമിശിവാനന്ദപരമഹംസര്‍

സിദ്ധസമാജ സ്ഥാപകര്‍ സ്വാമിശിവാനന്ദപരമഹംസര്‍
ദക്ഷിണേന്ത്യയിലെ കേരളത്തിലെ വടക്കെ മലബാറിലുള്ള ചെറുപട്ടണമായ വടകരയിലാണ് സ്വാമി ശിവാനന്ദ പരമഹംസര്‍ ജനിച്ചത്. ചെറുപ്പ കാലത്ത് ആളുകള്‍ അവരുടെ മരണസമയത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ നിരീക്ഷിച്ച സ്വാമികള്‍ അലിവുതോന്നി അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങി.
ഇതിനൊരു പരിഹാരം കാണാനുള്ള ഉറച്ചതീരുമാനത്തോടെ സര്‍വ്വതും ഉപേക്ഷിച്ച് തുനിഞ്ഞിറങ്ങി. ഒരുപാട് കഷ്ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും ഭഗീരഥപ്രയത്നങ്ങള്‍ക്കും ശേഷം അവിടുന്ന് ഇതിനൊരു പരിഹാരം കണ്ടെത്തി. മരണത്തെ ഒഴിവാക്കാനുള്ള ഈ സമ്പ്രദായത്തെയാണ് സിദ്ധവിദ്യ എന്നറിയപ്പെടുന്നത്.
ആത്മാവാണ് ഈശ്വരന്‍. അത് എപ്പോഴും നമ്മില്‍ ഇരിക്കുന്നതാണ്. ഒരാള്‍ ഉറങ്ങുമ്പോഴും അതു നിലനില്‍ക്കുന്നു. നമ്മള്‍ മനസ്സിന്‍റെ രാഗദ്വേഷങ്ങള്‍ക്കതീതനാവുമ്പോള്‍ നമുക്കിത് മനസ്സിലാവും. എന്നാല്‍ ഈ രാഗദ്വേഷങ്ങള്‍ മനസ്സ് നിലനില്‍ക്കുന്ന കാലത്തോളം ഒഴിവാക്കാന്‍ സാദ്ധ്യമല്ല. ഒരാള്‍ ഉറങ്ങുമ്പോള്‍ (സുഷുപ്തിയില്‍) മനസ്സ് നിലനില്‍ക്കുന്നില്ല. ഏറ്റവും ക്രൂരനായ മനുഷ്യനും, പരിശുദ്ധനായ സന്യാസിയും ഈ അവസ്ഥയില്‍ ഒരുപോലെയാണ്. അതുകൊണ്ട് ഈശ്വരസാക്ഷാത്കാരത്തിനുവേണ്ടി നമുക്ക് നമ്മുടെ മനസിനെ വശത്താക്കാനോ അല്ലെങ്കില്‍ ജീവനില്‍ ലയിപ്പിക്കാനോ ശ്രമിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് സ്വാമിജിയുടെ ദര്‍ശനം.
ഈ തത്ത്വചിന്തയുടെ അടിസ്ഥാനത്തില്‍ പ്രാണായാമ ക്രിയയുടെ അനുഷ്ഠാനത്തോടെ ലോകക്ഷേമത്തിനു വേണ്ടിയുള്ള ഒരടിത്തറ സ്വാമികള്‍ പണിതു. ആയതു സിദ്ധസമാജം എന്നപേരില്‍ മലബാറില്‍ വടകര എന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നു.
ഈ വിദ്യയുടെ കര്‍ശനമായ അനുഷ്ഠാനത്തിലൂടെ അതിന്‍റെ ഗുണഫലങ്ങള്‍ അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ നേടിയതിനുശേഷം, നരകിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളോടു സഹതാപം ഹേതുവായി സ്വാമിജി താന്‍ നേടിയെടുത്ത ആ ഉയര്‍ന്ന തലത്തില്‍ നിന്നും സാധാരണജനങ്ങളിലേക്ക് ഇറങ്ങിവന്ന് അവര്‍ക്കുവേണ്ട ഉപദേശങ്ങള്‍ കൊടുക്കാനും ആത്മസാക്ഷാത്കാരത്തിന്‍റെ പാതയിലേക്കു അവരെ ആനയിക്കാനും തുടങ്ങി.
ജാതി വര്‍ഗ്ഗ സ്ഥാനമാനങ്ങള്‍ വ്യത്യാസമില്ലാതെ ഈ വിദ്യയില്‍ ആകൃഷ്ടരായി ധാരാളം ജനങ്ങള്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു സമൂഹജീവിതത്തിന്‍റെ ആവശ്യം നേരിടുകയും അതനുസരിച്ച് 1921 ല്‍ സ്വാമിജി സിദ്ധസമാജം സ്ഥാപിക്കുകയും ചെയ്തു.
1949 ജൂണ്‍ 21 നു സ്വാമി ശിവാനന്ദ പരമഹംസര്‍ ജീവസമാധി പ്രാപിച്ചു. വടകര സിദ്ധസമാജം ഹെഡ്ഓഫീസില്‍ ഈ സമാധിസ്ഥാനം സ്ഥിതിചെയ്യുന്നു.

91