ആമുഖം -
വൈദിക സാഹിത്യത്തിലെ ഒരു പ്രാമാണികഗ്രന്ഥമാണ് സിദ്ധവേദം. സ്വാമി ശിവാനന്ദപരമഹംസരാല്‍ ഉപദേശിക്കപ്പെട്ട, സത്യാന്വേഷികളായവര്‍ക്കു നല്‍കപ്പെട്ട ഒരു ഗ്രന്ഥമാണിത്. വൈദിക കാലഘട്ടത്തില്‍ പ്രയോഗത്തിലിരുന്ന മഹത്തായ പുരാതനജ്ഞാനത്തെപ്പറ്റി പ്രതിപാദിക്കുന്നതാണ് ഈ വിശുദ്ധഗ്രന്ഥം.
വൈദികകാലഘട്ടത്തിന്‍റെ തുടക്കത്തില്‍ത്തന്നെ മഹത്തുക്കളായ ഋഷിമാരും സന്യാസിവര്യന്മാരും ബ്രഹ്മവിദ്യ അനുഷ്ഠിച്ചു പരമമായ ജ്ഞാനത്തെ നേടി. കാലക്രമേണ ഈ വിദ്യ അപ്രത്യക്ഷമായി. അപ്പോള്‍ ജനങ്ങള്‍ ക്ഷേത്രവിഗ്രഹങ്ങളെ ആരാധിക്കാന്‍ തുടങ്ങി. അജ്ഞാനം ഹേതുവായി ജനങ്ങള്‍ ദേവപ്രീതിക്കായി മൃഗങ്ങളേയും പക്ഷികളേയും ബലിയര്‍പ്പിക്കാന്‍ തുടങ്ങി.
ജനങ്ങള്‍ ഇത്തരം ക്രൂരമായ അനുഷ്ഠാനങ്ങള്‍ തുടരവെ ബുദ്ധനെപ്പോലെയുള്ള മഹാത്മാക്കള്‍ അവതരിച്ചു. ഈശ്വരാരാധനക്കുള്ള ശരിയായ മാര്‍ഗ്ഗം കാട്ടികൊടുത്തു. നൂറ്റാണ്ടുകള്‍ കഴിയവെ ഈ മാര്‍ഗ്ഗവും അപ്രത്യക്ഷമായി. സ്വാമിജി ഭഗീരഥപ്രയത്നം ചെയ്തു ഈ വിദ്യ വീണ്ടെടുത്തു അതിനെ സിദ്ധവിദ്യ എന്നു നാമകരണം ചെയ്തു.
അവതാരം ചെയ്ത ഏതു മഹാത്മാവായാലും മേല്പറഞ്ഞ ഒരേയൊരു മാര്‍ഗ്ഗമാണ് അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ആ ഒരു മാര്‍ഗ്ഗമാണ് നാം നിങ്ങളെ കാണിച്ചു തന്നിരിക്കുന്നത്. ഇത് സത്യമാണ്. സിദ്ധവേദമെന്ന വിശുദ്ധഗ്രന്ഥത്തില്‍ സ്വാമിജി തന്‍റെ അനുഭവങ്ങളെ വിവരിക്കുന്നു. ഈ ഗ്രന്ഥത്തിന്‍റെ ഒന്നാം പതിപ്പില്‍ 21 അദ്ധ്യായങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം കുറെ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരദ്ധ്യായം കൂടെ സ്വാമിജി കൂട്ടിച്ചേര്‍ത്തു. അതായിരുന്നു 22-ാം അദ്ധ്യായം. അങ്ങിനെ സമഗ്രമായ പരിശോധനയ്ക്കുശേഷം സിദ്ധവേദത്തിന്‍റെ 2-ാം പതിപ്പു സ്വാമിജിതന്നെ 1948 പ്രസിദ്ധീകരിച്ചു. അതുകൊണ്ട് സിദ്ധവേദം സ്വാമി ശിവാനന്ദ പരമഹംസരുടെ ആധികാരികമായ വേദമാണ്.
സിദ്ധവേദം ജീവന്‍റെ ആരംഭവും പരിണാമവും മോചനവും വ്യക്തമായി വിവരിക്കുന്നു. അതുകൊണ്ട് സിദ്ധവേദം ജീവന്‍റെ, ആത്മാവിന്‍റെ, ജീവശക്തിയുടെ യഥാര്‍ത്ഥമായ ചരിത്രമാണ്.
ആധ്യാത്മികാശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ വായനക്കാരെ സഹായിക്കുന്ന ഈ വിശുദ്ധഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സത്യാന്വേഷികളായവര്‍ക്ക് ആത്മസാക്ഷാത്കാരവും പരമജ്ഞാനവും ആര്‍ജ്ജിക്കാനുള്ള ശരിയായ വഴി മനസ്സിലാക്കാന്‍ ഇതു സഹായകമാണ്.
സിദ്ധസമാജം. HO ജനറല്‍ പ്രസിഡണ്ട്
വടകര സിദ്ധസമാജം.
ചില ആത്മീയ തത്വങ്ങളുടെ ചുരുക്കമായ നിര്‍വ്വചനം
ഈശ്വരന്‍ : ജീവന്‍, ഗുരു മനസ്സ്
ഉപദേശം : (ഈശ്വരന്‍റെ) സമീപസ്ഥാനം (ആ സ്ഥാനം തൊട്ടു കാണിച്ച് വിദ്യ ദാനം ചെയ്യുന്നത്)
പുണ്യം : അറിവായ ജീവശക്തിയായ വായുകൊണ്ട് ചെയ്യുന്നത്. അതായത് തന്‍റെ ജീവനെസ്നേഹിച്ച് ഊര്‍ദ്ധഗതിയാക്കി തന്നില്‍ നിലനിര്‍ത്തുന്നത്-ജീവകാരുണ്യം അഥവാ അഹിംസ
പാപം : അറിവില്ലായ്മ അതായത് ജീവസ്നേഹമില്ലാതെ തന്‍റെ ജീവനെഅധോഗതിയാക്കി നശിപ്പിക്കുന്നത്-ഹിംസ.
പഞ്ചഭൂതങ്ങള്‍ : ഈ കാണുന്ന ആകാശം, വായു, അഗ്നി, വെള്ളം, ഭൂമി അല്ല. അവ തന്നില്‍ തന്നെ ഉള്ളവ. ആകാശം സദാശിവനായ ജ്യോതിസ്സ്, വായു ശിവനായിരിക്കുന്ന ജീവന്‍, അഗ്നി രുദ്രനായിരിക്കുന്ന തേജസ്സ്, അപ്പു(വെള്ളം) വിഷ്ണുവായ മനം, പൃഥ്വി (ഭൂമി) ബ്രഹ്മാവായ അഹങ്കാരം, ഈ അഞ്ചും ഒന്നു ചേരുമ്പോള്‍ സൃഷ്ടി ഉണ്ടാകുന്നു.
ശിവന്‍ : സത്വഗുണം .ജീവന്‍ . സ്ഥൂല ശരീരം . പുരുഷന്‍ (പിതാവ്)
വിഷണു : രജോഗുണം . മനം . സൂക്ഷ്മ ശരീരം . സ്ത്രീ (മാതാവ്)
ബ്രഹ്മാവ് : തമോഗുണം . അഹങ്കാരം . കാരണ ശരീരം . നപുംസകം
ഉപവാസം : നിരാഹാര അനുഷ്ഠാനമല്ല, ഈശ്വരനോട് ചേര്‍ന്നിരിക്കുന്ന അവസ്ഥ. അപ്പോള്‍ യാതൊരു ആഹാരവും വേണ്ട.
ക്ഷേത്രോപവാസം : ഗാത്രക്ഷേത്രമായ ശിരസ്സില്‍ പ്രതിഷ്ഠാസ്ഥാനമായ ഭ്രൂമദ്ധ്യത്തില്‍ ജീവന്‍ ഉപവസിക്കുന്നത്.
ലിംഗം, ഉപസ്ഥം, ഗുദം : സര്‍വ്വ ജീവികളിലും രഹസ്യമായിരിക്കുന്നവ. ലിംഗം ആണടയാളമോ, ഉപസ്ഥം പെണ്ണടയാളമോ, ഗുദം മലദ്വാരമോ അല്ല.
ഷഡാധാരങ്ങള്‍ : മലദ്വാരം തൊട്ട് ഭ്രൂമദ്ധ്യം വരെ ആറു ചക്രങ്ങള്‍ ഇല്ലാത്തതാണ്. മനസ്സും ജീവനും ഐക്യം പ്രാപിക്കുമ്പോള്‍ അനുഭവപ്പെടുന്ന ആറു അവസ്ഥകളാണവ