അപ്രകാരം സിദ്ധസമാജത്തെ സ്ഥാപിച്ച നോം, നമ്മുടെ ആവശ്യത്തിന്നുവേണ്ടി യാതൊന്നും യത്നിക്കുന്നതല്ല. നോം യാതൊരു പ്രകാരത്തിലും ലോകോപദ്രവം ചെയ്യുന്നവനല്ല. നോം ചെയ്യുന്നതൊക്കെയും ലോകശാന്തിക്കായും ലോകോപകാരത്തിന്നായും മാത്രമാണ്.

മതം

ആദിയില്‍ യാതൊരു മതവും ഇല്ല. സത്യം, ന്യായം, മര്യാദ, ഐക്യം, സാധുസംരക്ഷണം, സഹോദരസ്നേഹം, ധര്‍മ്മപരിപാലനം എന്നീ ഗുണങ്ങളോടുകൂടി ഒരേ ജാതി, ഒരേ ഈശ്വരന്‍ എന്നീപ്രകാരത്തില്‍ ആയിരുന്നു ലോകത്തിന്‍റെ ആദ്യത്തെ സ്ഥിതി. അതിന്നുശേഷം ക്രമേണ പരിഷ്ക്കാരം വര്‍ദ്ധിച്ചു. ഓരോരോ രാജ്യത്തിന്നനുസരിച്ചു ദുരഭിമാനം വര്‍ദ്ധിച്ചു. ആ അഭിമാനം നിമിത്തം ഓരോരോ സ്പര്‍ദ്ധതയുണ്ടായി. ആ സ്പര്‍ദ്ധത നിമിത്തം ജാതികളുണ്ടായി. ജാതികള്‍ മൂത്തു ജാതി സ്പര്‍ദ്ധതയുണ്ടായി. ഒടുവില്‍ ആ ജാതികളില്‍ ഓരോരോ തലവന്മാരുണ്ടായി. ആ തലവന്മാരുടെ നിശ്ചയപ്രകാരം അവര്‍ക്കനന്തരം മതങ്ങളായി സ്ഥാപിക്കപ്പെട്ടു.

മതം എന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ സത്യം പോയ്പോയി. സത്യവും മതവും കൂടി ഇരിക്കയില്ല. അതേതുപ്രകാരമെന്നാല്‍ എന്‍റെ മതം, നിന്‍റെ മതം എന്നു ഭിന്നമായി. ഭിന്നത്വം വരുമ്പോള്‍ സത്യം പോയി. അപ്പോള്‍ എന്‍റെ മതത്തിനുവേണ്ടി മാത്രം എന്തും ചെയ്യും. അപ്പോള്‍ അവിടെ സത്യമില്ല, ന്യായമില്ല, മര്യാദയില്ല, ഐക്യതയില്ല, സഹോദരസ്നേഹമില്ല, സാധുസംരക്ഷണമില്ല, ധര്‍മ്മപരിപാലനമില്ല. ഈ വിധം ലോകം മേല്‍പറഞ്ഞ എല്ലാ ഗുണങ്ങളും നശിച്ചു അസത്യത്തില്‍ മാത്രമായി ന്യായമര്യാദകള്‍ ഇല്ലാതെയാണ് ഇരിക്കുന്നത്. അതിനാല്‍ മതങ്ങളെ നശിപ്പിച്ചു, സത്യം, ന്യായം, മര്യാദ, അഹിംസ എന്നിവയെ സ്ഥാപിച്ചു ലോകത്തെ നിലനിര്‍ത്തിക്കൊണ്ടുവരുവാന്‍ വേണ്ടി ആര്‍ യത്നിക്കുന്നുവോ അവര്‍ സിദ്ധസമാജക്കാര്‍ ആകുന്നു. ആയതിനാല്‍ മേല്‍പറഞ്ഞ സദ്ഗുണങ്ങളെ ലോകത്തില്‍ സ്ഥാപിക്കാന്‍വേണ്ടി പൊതുജനങ്ങളുടെ ഇടയില്‍ പ്രേരിപ്പിച്ചു അവരെ ധരിപ്പിച്ചു നടപ്പില്‍ വരുത്താന്‍ വേണ്ടി സര്‍വ്വാത്മനാ കെഞ്ചുന്നു.

Swamiji order

നമ്മുടെ പ്രവൃത്തി

അപ്രകാരം സിദ്ധസമാജത്തെ സ്ഥാപിച്ച നോം, നമ്മുടെ ആവശ്യത്തിന്നുവേണ്ടി യാതൊന്നും യത്നിക്കുന്നതല്ല. നോം യാതൊരു പ്രകാരത്തിലും ലോകോപദ്രവം ചെയ്യുന്നവനല്ല. നോം ചെയ്യുന്നതൊക്കെയും ലോകശാന്തിക്കായും ലോകോപകാരത്തിന്നായും മാത്രമാണ്.

സന്യാസവും മൌനവും

സമാജത്തില്‍നിന്നു ഹെഡാപ്പീസിന്‍റെ അനുവാദം കൂടാതെ സന്യാസിയായൊ, മൌനിയായൊ ഇരിപ്പാനൊ, സഞ്ചരിപ്പാനൊ പാടില്ല. കാരണം, സന്യാസി എന്നുവെച്ചാല്‍ സര്‍വ്വസംഗങ്ങളേയും വിട്ടു യാതൊന്നിനെ അറിയാതെയും തന്‍റെ മനസ്സിനേയും ജീവനേയും ഒന്നാക്കിചേര്‍ത്തി കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തി ശിവനായി ഇരിക്കുന്നതാണു്. മൌനം എന്നാല്‍ മനോമൌനമാണ്. അതായതു മനസ്സിനെ യാതൊന്നിലും പ്രവേശിപ്പിക്കാതെ അടക്കം ചെയ്തു തന്‍റെ പ്രാണവായുവോടു ചേര്‍ത്തി തന്നില്‍നിന്നു ആവിരൂപമായി പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിസ്വരൂപമായിരിക്കുന്ന ശുക്ലത്തെ പുകയ്ക്കാതെ തന്നില്‍കൂടെ സഞ്ചരിപ്പിച്ചു തന്നിലെ സ്ഥിതി ചെയ്യിപ്പിക്കുന്നതാണ് മൌനവൃത്തി. ഇതല്ലാതെ മറ്റു യാതൊരുവിധത്തിലുള്ള മൌനമോ, സന്യാസമോ സമാജത്തില്‍ അനുവദിക്കുന്നതല്ല.

സ്വാതന്ത്ര്യം

നോം സമാജം സ്ഥാപിച്ചിരിക്കുന്നതു് ലോകനന്മക്കും ലോകരക്ഷക്കും വേണ്ടിയാണു്. ആയതു ഏതുപ്രകാരത്തിലെന്നുവെച്ചാല്‍ അന്യാശ്രയം കൂടാതെ പ്രവര്‍ത്തി എടുത്തു സ്വാതന്ത്ര്യമായി അന്യര്‍ക്കു അടിമപ്പെടാതെ ഐക്യമായി നടക്കുവാന്‍ വേണ്ടിയാണ്. സ്വാതന്ത്ര്യം എന്നുവെച്ചാല്‍ അവനവന്നു തോന്നിയപ്രകാരം നടക്കുന്നതല്ല. ന്യായാന്യായങ്ങളെ ആലോചിച്ചു അന്യായത്തെ നിഷേധിച്ചു, ന്യായത്തെ മാത്രം ശ്ലാഘിച്ചു, ആ ന്യായത്തെ മറ്റൊരാളാല്‍ ജയിക്കുവാന്‍ സാധിക്കാത്ത പ്രകാരത്തില്‍ ദൃഢീകരിച്ചു, സത്യത്തെമാത്രം നിലനിറുത്തി, അതിലെ ജയിച്ചു നിലനില്‍ക്കുന്നവന്‍ മാത്രമാണ് സ്വാതന്ത്ര്യജീവി. ഇതാണു സ്വാതന്ത്ര്യം എന്നു പറയുന്നത്. അങ്ങിനെ ഇരിക്കുമ്പോള്‍ നമ്മുടെ ന്യായത്തേയും സത്യത്തേയും യാതൊരാള്‍ക്കും ലംഘിക്കുവാനും ജയിക്കുവാനും നിവൃത്തിയില്ലാതെ വരും. ആ അവസരത്തില്‍ ഇതുതന്നെയാണു ന്യായം, ഇതാണു സത്യം, ഇതാണു നോം നടക്കേണ്ടതും ലോകത്തില്‍ സ്ഥാപിക്കേണ്ടതും എന്നു ലോകര്‍ക്കു ബോദ്ധ്യം വന്നു, ആ വഴിയെ അവരും മേല്‍പ്പോട്ടു വരുവാന്‍ ഇടയായിത്തീരും. അപ്പോള്‍ ലോകത്തിന്നു ക്ഷേമവും രക്ഷയും ആയിത്തീരും. ഇതല്ലാതെ നോം ലോകത്തോടു ശഠിച്ചതുകൊണ്ടൊ, ശാസിച്ചതുകൊണ്ടൊ, പ്രസംഗിച്ചതുകൊണ്ടൊ യാതൊരു ഫലവുമില്ല. ഫലം വേണമെങ്കില്‍ പ്രവര്‍ത്തിചെയ്യണം. പ്രവര്‍ത്തിയിലെ ഫലമുള്ളൂ. അതിനാല്‍ നോം ലോകം നിലനിന്നുവരുവാനുള്ള എല്ലാ വേലയും ചെയ്യണം.

നാമും സമാജവും

സിദ്ധസമാജത്തില്‍ ഇപ്പോഴുള്ള റൂള്‍സുകളെ യാതൊരാള്‍ക്കും മാറ്റുവാന്‍ പാടില്ല. ആയതു മാറ്റേണ്ടിവരുന്നകാലത്തു നോം മാറ്റുന്നതാണ്. ഇപ്പോള്‍ നടപ്പിലുള്ള ചട്ടങ്ങള്‍ക്കനുസരിച്ചു നടപ്പാന്‍ ഇഷ്ടമുള്ളവര്‍ മാത്രമെ സമാജത്തില്‍ ചേരേണ്ടതുള്ളു. നമ്മുടെ ഇഷ്ടത്തിന്നുവേണ്ടി യാതൊരു കാര്യവും ആരും പ്രവര്‍ത്തിക്കേണ്ടതില്ല. നമുക്കു യാതൊരു ഇഷ്ടവും ഇല്ല. സമാജത്തെപ്പറ്റി നമുക്കു യാതൊരു ബാദ്ധ്യതയും ഇല്ല. സമാജം ലോകരക്ഷയ്ക്കു വേണ്ടിയാണ്. നമ്മുടെ രക്ഷക്കുവേണ്ടിയല്ല. ലോകശാന്തിക്കും ലോകരക്ഷക്കും വേണ്ടിയുള്ള യത്നമാണ് നോം ചെയ്യുന്നത്. ആയത് ശരിയാണെന്നു തോന്നുന്നപക്ഷം അവനവന്‍റെ പൂര്‍ണ്ണമനസ്സാലെ സര്‍വ്വബന്ധത്തേയും സ്വാര്‍ത്ഥത്തേയും വിട്ടു സമാജചട്ടത്തില്‍ അഞ്ചാം വകുപ്പിന്നനുസരിച്ചു നടക്കാന്‍ ഒരുങ്ങുന്നവരെ മാത്രമേ സമാജത്തില്‍ ചേര്‍ക്കയുള്ളൂ.
നമ്മുടെ സ്ഥിതി
നമ്മെ ഗുരുവാണെന്നോ, നമ്മോടു യാതൊന്നും പറവാന്‍ പാടില്ലെന്നോ, നമ്മെ ഒരു ഉയര്‍ന്ന പദവിയായിട്ടോ, കരുതി നമ്മോട് യാതൊരാളും പെരുമാറുവാന്‍ പാടില്ല. നമ്മോട് സമത്വത്തിലും, സ്നേഹിതന്‍റെ നിലയിലും, ഒരു സഹോദരഭാവത്തിലും മാത്രമെ പെരുമാറാവൂ. നമ്മെ യാതോരാള്‍ക്കും ഏതു സമയത്തും നോം ഇരിക്കുന്ന ഏതു സ്ഥലത്തുവെച്ചും കാണാവുന്നതും, അവരുടെ ഉദ്ദേശമെന്താണെന്നു വെച്ചാല്‍ ആയതു നമ്മോടു എപ്പോഴും സംസാരിക്കാവുന്നതുമാണ്.