സിദ്ധവേദത്തിന് ഒരാമുഖം

ആത്മസാക്ഷാത്കാരം ലഭിക്കാനുള്ള സഹജവും പ്രൌഡവുമായ മാര്‍ഗ്ഗമാണ് ഈ പുസ്തകത്തില്‍ വെളിവാക്കപ്പെട്ടിരിക്കുന്നത്. അത് അമൂര്‍ത്തമായ ആശയങ്ങളേയോ ആദര്‍ശങ്ങളേയോ പ്രതിപാദിക്കുന്നില്ല. അതുപോലെ ഇതില്‍പറയുന്ന വിവരണങ്ങള്‍ ദുരൂഹങ്ങളായ ബുദ്ധിവ്യാപാരങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടതല്ല. തികച്ചും ഫലപ്രദവും പ്രയോഗികവുമായ ഒരു മാര്‍ഗ്ഗത്തെയാണ് അത് കൈകാര്യം ചെയ്യുന്നത്. അതാകട്ടെ ലളിതവും വ്യക്തവുമായ ഭാഷയില്‍ ആവശ്യത്തിന് ഉപമകളും ഉദാഹരണങ്ങളും സഹിതം ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിലാണ് വിവരിച്ചിട്ടുള്ളത്.
ഈ മാര്‍ഗ്ഗത്തിന്‍റെ പ്രായോഗികതയും വിജയകരമായി കൈകാര്യം ചെയ്യാനുള്ള സാദ്ധ്യതയും വെച്ച് നോക്കുമ്പോള്‍ ഈ ഗ്രന്ഥം ദൈവത്തെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ആയിരക്കണക്കിന് ആത്മീയ ഭൗതീക രചനകളെ അപേക്ഷിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.
ഈ മാര്‍ഗ്ഗത്തിന്‍റെ ലാളിത്യവും പ്രായോഗികതയും അതിന്‍റെ ഉള്ളടക്കത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍ നാം ചെയ്യുന്ന പലതരം പ്രവൃത്തികളാലും നമ്മുടെ സഹജീവികളെ എല്ലാതരത്തിലും മറികടക്കാനും ധാരാളം ധനവും പദവിയും നേടാനുള്ള ഒടുങ്ങാത്ത ആശകൊണ്ടും നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മുടെ ജീവശക്തി ഗണ്യമായ തോതില്‍ വിനിയോഗിച്ചുകളയുന്നു. ക്രമേണ ജീവശക്തിയെല്ലാം ഈ തരത്തില്‍ വിനിയോഗിച്ച് മരണമെന്ന അവസാനത്തെ ദുരന്തത്തെ നാം നേരിടുന്നു.
എന്നാല്‍ ഇതിനു വിപരീതമായി നമ്മള്‍ ജീവശക്തിയെ മേല്‍പറഞ്ഞ രീതിയില്‍ നശിപ്പിച്ചുകളയാതെ നമ്മുടെ ഉള്ളില്‍തന്നെ മേലോട്ടും താഴോട്ടും വ്യാപരിപ്പിച്ച് ഒടുവില്‍ അതിനെ നമ്മളിലെ ഈശ്വരന്‍റെ അഥവാ ദൈവികതയുടെ സ്ഥാനമായ, പുരികങ്ങളുടെ ഇടയിലുള്ള ഭ്രൂമദ്ധ്യത്തില്‍ യോജിപ്പിച്ചു നിര്‍ത്തിയാല്‍ ആത്മസാക്ഷാത്കാരം എളുപ്പം ലഭിക്കുന്നു. അപ്പോള്‍ നാം മരണവിഭ്രാന്തിയുടെ എല്ലാ ഭീകരതകളില്‍നിന്നും സ്വതന്ത്രമാകുന്നു. ഈ ഗ്രന്ഥത്തിന്‍റെ പ്രധാനപ്രതിപാദ്യം ആത്മസാക്ഷാത്കാരത്തിനുള്ള പുതിയമാര്‍ഗ്ഗമായ ഈ സിദ്ധവിദ്യയുടെ വിവരണമാണ്.
ലോകത്തില്‍ ജീവചരിത്രങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ അവയൊന്നും ജീവന്‍റെ ചരിത്രങ്ങളല്ല. ജീവിതത്തിന്‍റെ ചരിത്രങ്ങളാണ്. ജീവന്‍റെ ചരിത്രം ഒന്നുമാത്രം, അതു സിദ്ധവേദമാണ്. സിദ്ധസമാജ സ്ഥാപകരായ സ്വാമി ശിവാനന്ദ പരമഹംസര്‍ വെളിപ്പെടുത്തിയ ആത്മസാക്ഷാത്കാരത്തിന്‍റെ ജീവചരിത്രം.
സിദ്ധവേദം ഗുരുശിഷ്യ സംവാദത്തിലൂടെ ലളിതമായ രീതിയില്‍, നമ്മില്‍നിന്ന് നശിച്ചുപോയിക്കൊണ്ടിരിക്കുന്ന ജീവനെ നമുക്കുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള ഉപായങ്ങളെ പ്രതിപാദിക്കുന്നു.
മോക്ഷമെന്നത് ബന്ധനത്തില്‍നിന്നുള്ള മോചനമാണ്. സിദ്ധവേദം മോക്ഷം പ്രാപിക്കാനുള്ള സൂത്രം വ്യക്തമായി പ്രതിപാദിക്കുന്നു. അതുകൊണ്ട് അത് മോക്ഷസൂത്രമാണ്.

ഒരാള്‍ തന്നെപ്പറ്റിത്തന്നെ മനസ്സിലാക്കുന്നില്ലെങ്കില്‍ അയാളുടെ എല്ലാതരം പഠനവും വ്യര്‍ത്ഥമാണ്. തന്നെപ്പറ്റി പഠിക്കാന്‍ തന്നെത്തന്നെ നിരീക്ഷിക്കണം. തന്നെ നിരീക്ഷിച്ചു പഠിക്കുന്നതാണ് സിദ്ധവിദ്യ (ബഹ്മവിദ്യ). തന്നെപ്പറ്റി പഠിക്കാനുള്ള വിശദമായ ആദ്ധ്യാത്മിക രീതിയെയാണ് സിദ്ധവേദം അവതരിപ്പിക്കുന്നത്.

ജീവശക്തിയുടെ സംരക്ഷണമാണ് ആത്മസാക്ഷാത്കാരത്തിന്‍റെയും ബന്ധനത്തില്‍നിന്നും ദുഃഖത്തില്‍ നിന്നുമുള്ള മോചനത്തിന്‍റെയും പ്രധാനഹേതു. ഇത് അനശ്വരതയും അത്യധികമായ ആനന്ദവും പ്രദാനം ചെയ്യുന്നു. ജീവശക്തി നശിച്ചുപോകുന്നതാണ് മായ (അജ്ഞാനം)യുടെ മൂലകാരണം. ഇത് ദുഃഖവും ബന്ധനവും സൃഷ്ടിച്ച് നശ്വരതയില്‍ അവസാനിക്കുന്നു. ഈശ്വരനെപ്പറ്റിയുള്ള ഇത്തരം അറിവുകളാണ് സിദ്ധവേദം.
സിദ്ധവേദം മായാസമുദ്രത്തില്‍നിന്നും കരകയറുവാനുള്ള വഴികാണിക്കുന്ന ദീപസ്തംഭമാണ്.
ഹിന്ദുമതം, ബുദ്ധമതം, മുഹമ്മദു മതം എന്നു പലേ മതങ്ങള്‍ ഉള്ളതായി അഭിമാനിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ ഈശ്വരമതമല്ലാതെ വേറൊരു മതമില്ല. ഭ്രൂമദ്ധ്യത്തിലെ ഈശ്വരനോട് മനസ്സിനെ സ്ഥാപിക്കുന്നതാണ് ഈശ്വരമതം. ഹിന്ദു മതവും ഈശ്വരമതമാണ്. ഹിന്ദു എന്നാല്‍ ഇന്ദു. ഇന്ദു=ചന്ദ്രന്‍ അതായത് മനം. മതം=സ്ഥാപന. മനസ്സായ ചന്ദ്രനെ ഈശ്വരനായിരിക്കുന്ന ജീവനില്‍ സ്ഥാപിക്കുന്നതാണ് ഇന്ദുമതം.
ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് നബി തുടങ്ങി എല്ലാ മഹത്തുക്കളും ആചരിച്ചതും പ്രചരിച്ചതും ഈശ്വര മതം മാത്രം. അതാണ് ജീവരക്ഷ-യോഗാഭ്യാസം-മനുഷ്യകുലത്തെ അതായത് ലോകത്തെ രക്ഷിക്കാന്‍ നേരായ മാര്‍ഗ്ഗമായ യഥാര്‍ത്ഥ ഈശ്വരസേവ. ഈ സത്യം അറിയാത്തവര്‍ മഹത്തുക്കളുടെ പേരില്‍ മതങ്ങള്‍ സ്ഥാപിച്ചതല്ലാതെ, മഹത്തുക്കളാരും മതങ്ങള്‍ സ്ഥാപിച്ചട്ടില്ല.
യോഗം എന്നാല്‍ ചേര്‍ച്ച(ഐക്യം) അഹങ്കാരം ഇല്ലെങ്കില്‍ ജീവന്‍ (പരമാത്മാവായ മനസ്സ്). ഈശ്വരന്‍ (ജീവാത്മാവ്) രണ്ടും ഒന്നു തന്നെ, രണ്ടാവില്ല. അഹങ്കാര നാശമാണ് യോഗം-ജീവനും ഈശ്വരനും ഐക്യമാവുക. കര്‍മ്മം ജീവന്‍. കര്‍മ്മമായിരിക്കുന്ന ജീവന്‍ തന്നില്‍ മേലേയുള്ള ഈശ്വരനോട് ഐക്യമാകുന്നതാണ് കര്‍മ്മയോഗം. ആചാര്യന്മാര്‍ ഓരോ യുക്തിക്കനുസരിച്ച് ഈ യോഗത്തിനു തന്നെ ഓരോ പേരു കൊടുത്തു. കര്‍മ്മ യോഗം, രാജ യോഗം, ഹഠയോഗം എന്നും മറ്റും അറിയപ്പെടുന്നതെല്ലാം ഒരേ യോഗം തന്നെ. അക്ഷരാഭ്യാസവും വിദ്യാഭ്യാസവും ഇതുതന്നെ.
ബ്രാഹ്മണന്‍,ക്ഷത്രിയന്‍,വൈശ്യന്‍, ശൂദ്രന്‍, എന്നതു നാലു ജാതികളല്ല-മനം, ചിത്തം, ബുദ്ധി, അഹങ്കാരം എന്ന നാലു വര്‍ണ്ണങ്ങളാണവ.
ജാതിമതങ്ങള്‍ ഇല്ലാത്തതാണ്. യഥാര്‍ത്ഥമറിയാത്തവര്‍, അനുഭവജ്ഞാനമില്ലാത്തവര്‍, ശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ച് ജാതിമതങ്ങളുടെ പേരില്‍ അനവധി തെറ്റായ തത്വങ്ങളെ ലോകത്തില്‍ പ്രചരിച്ച് ജനങ്ങള്‍ തമ്മില്‍ ഐക്യമില്ലാതായി കലഹിച്ച് അധഃപതിച്ച് നശിക്കുവാനിടയായ ഈ യഥാര്‍ത്ഥങ്ങളെ ലോകര്‍ക്കു ബോധിച്ച് ലോകര്‍ യഥാര്‍ത്ഥ മാര്‍ഗ്ഗം അനുസരിച്ച് ലോകക്ഷേമവും ലോകശാന്തിയും കൈവരിക്ക വഴിക്കാട്ടുന്നതിന്നായി അവതരിച്ച മഹാനാണ് സിദ്ധസമാജ സ്ഥാപകര്‍ ആത്മപിതാ സ്വാമി ശിവാനന്ദ പരമഹംസര്‍. മേല്‍പ്രകാരം ആത്മപിതാ അരുളിചെയ്ത എല്ലാ പരമാര്‍ത്ഥ ജ്ഞാനാനുഭവങ്ങളെ സവിസ്തരം അറിയുവാന്‍ ആത്മീയ തത്വങ്ങളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കുവാന്‍ പഠിക്കുവിന്‍! പാരായണം ചെയ്യുവിന്‍!!

IMG_9613