സിദ്ധവേദം - ജീവന്‍റെ ചരിത്രം
സ്വാമി കല്പന.
23 03 1936
ജനറല്‍ പ്രസിഡണ്ടിന്,
താങ്കള്‍ 7.3.36-ല്‍ എഴുതിയ കത്തില്‍ ലോകശാന്തിക്കു വേണ്ടി സ്വാമിയുടേയും സമാജത്തിന്‍റേയും സ്വാമി എഫ്.എം. എസ്സ് ലേക്ക് കപ്പല്‍ കയറിയ തീയതി വരേക്കും ഉള്ളതായ വേലകള്‍ മുഴുവനും ലോകശാന്തിക്കുള്ള ജീവിതത്തില്‍ മൂന്നാം പതിപ്പില്‍ തയ്യാറാക്കി അച്ചടിക്കുവാന്‍ കൊടുത്തിട്ടുണ്ട്എന്നു കാണുന്നു. എന്നാല്‍ ജാതി എന്നതു എന്ത്? എന്നുള്ള ബുക്കിന്‍റെ പുറത്ത് സ്വാമി ചിത്രവും ശിവാനന്ദ പരമഹംസരുടെ ജീവചരിത്രത്തോടും കൂടിയ ലോകശാന്തിക്കുള്ള ജീവിതം ഇതാ അച്ചടിച്ചു വരുന്നു. എന്നു പ്രിന്‍റിംഗ് ചെയ്തുകാണുന്നു. എന്നാല്‍ ഇത് ഏറ്റവും അസംബന്ധമായി പോയി. നാം ചെയ്ത വേലയെ പറ്റി എഴുതുന്നതേ തെറ്റാണ്. എന്തുകൊണ്ടെന്നാല്‍ ലോകരെ ഗ്രഹിപ്പിക്കുവാന്‍ വേണ്ടിയല്ല നാം പ്രവൃത്തി ചെയ്യുന്നത്. ലോകര്‍ നന്നാകുവാന്‍ വേണ്ടിയാണ്. അത് വേറെ ഒരാളെ ഗ്രഹിപ്പിക്കേണ്ട ആവശ്യം ഇല്ല. എങ്കിലും ആകട്ടെ. താങ്കള്‍ നമ്മുടെ പ്രവൃത്തിയെപ്പറ്റി എഴുതുന്നതിനെപ്പറ്റി നാം ഒന്നും പറയുന്നില്ല. നമ്മുടെ ജീവചരിത്രം എഴുതി അച്ചടിക്കാന്‍ കൊടുത്തിരിക്കുന്നു എന്ന് അച്ചടിച്ചു കണ്ടതില്‍ ആണ് നമുക്കു പറയുവാനുള്ളത്. എന്തെന്നാല്‍ നമുക്ക് പ്രത്യേകിച്ചു ഒരു ജീവന്‍ ഇല്ല. നമ്മുടെ തത്വത്തെ താങ്കള്‍ ഗ്രഹിച്ചതാണെന്നു വരുകില്‍ താങ്കള്‍ ഇപ്രകാരം എഴുതുവാന്‍ ഇടയില്ലായിരുന്നു. ജീവ ചരിത്രം എന്നതു ജീവന്‍റെ ചരിത്രമാണ്. ശിവാനന്ദ പരമഹംസര്‍ക്ക് പ്രത്യേകിച്ചു ഒരു ജീവന്‍ ഇല്ല. ജീവന്‍ ഒന്നേ ഉള്ളൂ. ആ ജീവന്‍റെ ചരിത്രമാണ് ‘സിദ്ധവേദം’ എന്നതു താങ്കള്‍ ഗ്രഹിക്കാത്തതില്‍ നാം പരിതപിക്കുകയും, അത്ഭുതപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ആ ബുക്ക് അച്ചടിപ്പിച്ചിട്ടില്ലെങ്കില്‍, അച്ചടിപ്പിക്കാതിരിക്കുക, അച്ചടിപ്പിച്ചു കഴിഞ്ഞു എങ്കില്‍ അതിനെ പ്രചാരപ്പെടുത്താതെ ആ ഭാഗം മാത്രം നശിപ്പിച്ചു കളയുക.
കുറിപ്പ്:- സിദ്ധസമാജ സ്ഥാപകരായ സ്വാമി ശിവാനന്ദ പരമഹംസര്‍; ഫെഡറേഷന്‍ ഓഫ് മലയാ സ്റ്റെയിറ്റില്‍ നിന്നു സിദ്ധസമാജം ജനറല്‍ പ്രസിഡണ്ടിന്നു അയച്ചു കൊടുത്ത കല്പനയാണ് മേലെ കൊടുത്തിരിക്കുന്നത്. സ്വാമികളുടെ ജീവചരിത്രത്തെപ്പറ്റി അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാലാണ് ടി. കല്പന ഇവിടെ ചേര്‍ക്കുവാന്‍ കാരണമായത്.