കേരളത്തിലും മറ്റും നാനാജാതികളായി ഭാഗിച്ചു വസിച്ചുവരുന്ന ബഹുജനങ്ങള്‍ ഒന്നായികൂടി ഒരു സമാജം ചേരുവാനുള്ള കാരണം നമ്മുടെ യത്നമൊ, സാമര്‍ത്ഥ്യ മൊ അല്ല. പിന്നെ എന്തുകൊണ്ടെന്നുവച്ചാല്‍, ഇതിനെല്ലാം അടിസ്ഥാനമായ സിദ്ധവിദ്യകൊണ്ടാണ്. ആ വിദ്യ എങ്ങിനെയെന്നാല്‍ ആരാലും ജയിപ്പാന്‍ സാധിക്കാത്ത ഒരു ആയുധമാണു്. അപ്രകാരം മഹത്തായിരിക്കുന്ന വിദ്യയാണ് നമുക്കും സമാജത്തിന്നും എന്നുവേണ്ടാ ലോകമാസകലം ജയിപ്പാനുള്ള ആയുധം. ആ ആയുധത്തെ ഒരു സമയംപോലും കയ്യില്‍നിന്നു താഴത്തുവെക്കാതെ അഭ്യസിച്ചുകൊണ്ടിരുന്നാല്‍ യാതൊരു പ്രകാരത്തിലും ശത്രുക്കള്‍വന്നു നമ്മെ അടുക്കയില്ല. അഥവാ അടുത്തുപോയാല്‍ അപ്രകാരമുള്ളവരുടെ കണ്ഠം തെറിച്ച് പോകുന്നതാണു്. ആയതിന്നു യാതൊരു സംശയവും ഇല്ല. ആയതു അഭ്യസിക്കാതെ ഇരുന്നാല്‍ അതിഘോരന്മാരായ ശത്രുക്കള്‍ വന്നു പിടിച്ചിഴച്ചു കുഴപ്പത്തിലാക്കുന്നതാണു്. ആയതിനാല്‍ അവനവന്‍റെ കൈവശത്തിലുള്ള ആയുധത്തെക്കൊണ്ടു് സദാ അഭ്യാസം ചെയ്തുകൊണ്ടിരുന്നാല്‍ തനിക്കു നേരെ യാതൊരുപ്രകാരത്തിലും ഉള്ള ശത്രുക്കള്‍ വരുന്നതല്ല.