ഗുരുതത്വം

ലോകത്തില്‍ ഗുരു എന്ന പേരു കേള്‍ക്കാത്തവര്‍ ഉണ്ടായിരിക്കാന്‍ തരമില്ല. എന്നാല്‍ ഗുരു ആരാണെന്നറിയുന്നവര്‍ വളരെ ചുരുക്കമാണ്. ഗുരുതത്വം അറിയാതെ എങ്ങിനെയാണ് ഗുരുവെ സേവിക്കുക? ഉപദേശിക്കുന്ന ആളാണ് ഗുരു. ഉപദേശം എന്തിനുവേണ്ടിയാണ്? ഈശ്വരസേവക്ക്-മരണവിഷമ ദുഃഖനിവൃത്തിക്ക്.
നമ്മുടെ ജീവന്‍ ജലരൂപമായി നവദ്വാരങ്ങള്‍ വഴി പുറത്തേക്കുപോയി നശിച്ചു കൊണ്ടിരിക്കുന്നു. അപ്രകാരം ജീവനെ നശിപ്പിക്കാതെ തന്നില്‍തന്നെ അടക്കുവാന്‍ തക്കവഴി ഉപദേശിച്ചുതരുന്ന ആളാണ് ഗുരു. എന്നാല്‍ ഗുരുപദേശം ലഭിച്ചാല്‍ ഉപദേശപ്രകാരം പ്രവൃത്തിക്കണം; പ്രവൃത്തിയിലാണ് ഫലം. ആരാണ് പ്രവൃത്തിക്കേണ്ടത്, അവിടെയാണ് മനസ്സ് ആവശ്യമായി വരുന്നത്. ഉപദേശം വാങ്ങണമെന്നും ഈശ്വരൈക്യം പ്രാപിക്കണമെന്നും ആദ്യം ഉപദേശിച്ചതു മനസ്സാണ്. ഉപദേശം ലഭിച്ചശേഷം അതനുസരിച്ചു അനുഭവത്തിലെത്താനുള്ള കര്‍ത്തവ്യവും മനസ്സിനുള്ളതാണ്. അതിനാല്‍ ആ മനസ്സാണ് ഗുരു.

ഉപദേശം ഗ്രഹിപ്പാനും അതനുസരിച്ച് പ്രവൃത്തിക്കാനും കാരണമാകയാല്‍ മനസ്സിന കാരണഗുരുവെന്നും, ഉപദേശി ക്കുന്നവരെ കാര്യഗുരുവെന്നും പറയുന്നു. നാം എന്തൊക്കെ കാണുകയും, കേള്‍ക്കുകയും, അറിയുകയും, ചെയ്യുന്നുവോ അതെല്ലാം കാര്യവും, കാണാനും, കേള്‍ക്കാനും അറിയാനും അടിസ്ഥാനമായി നില്‍ക്കുന്നത് ഏതോ, അതു കാരണവുമാകുന്നു. പ്രവൃത്തിയിലാണ് നിവൃത്തി. പ്രവൃത്തി മനസ്സില്‍ നി്ന്നുണ്ടാകുന്നു. മനസ്സില്ലെങ്കില്‍ പ്രവൃത്തിയൊ, ലോകമൊ, ബ്രഹ്മാവോ ഇല്ല. അതുകൊണ്ടാണ് ബന്ധമോക്ഷത്തിനു കാരണം മനസ്സാണെന്നും, ഗുരുശിഷ്യബന്ധം ഇല്ലാത്തതാണെന്നും പറയുന്നത്. അവനവന് അവനവന്‍റെ മനസ്സാണ് ഗുരു.