ഈശ്വരതത്വം

ഈശ്വരതത്വമെന്നാല്‍ എന്ത്? ലോകത്തില്‍ ഈശ്വരതത്വത്തെപറ്റി സംസാരിക്കാത്തവരോ, കേള്‍ക്കാത്തവരോ ചുരുക്കംതന്നെ. നിരീശ്വരവാദം ചെയ്യുന്നവരുംകൂടി, ആപത്തുവരുമ്പോള്‍ ഈശ്വരനെ ഓര്‍ക്കുകയും ഈശ്വരതത്വത്തെ കീര്‍ത്തിക്കുകയും മറ്റും ചെയ്യാറുണ്ട്. അതുകൊണ്ട് ഈശ്വരതത്വത്തെപ്പറ്റി ഏതൊരവസരമെങ്കിലും ഏവരും സംസാരിക്കുന്നുണ്ടെന്നു വരുന്നു. എന്നാല്‍ ഈശ്വരന്‍ എന്താണെന്നോ അത് ഏതുപ്രകാരം ഇരിക്കുന്നുവെന്നോ ഉള്ള യാഥാര്‍ത്ഥ്യം മിക്കപേരുമറിയുന്നില്ല.

ഈശ്വരസേവ:

ഈശ്വരസേവയെന്നു പറഞ്ഞു പലരും പൂജാഹോമാദികള്‍ നാനാപ്രകാരത്തില്‍ ചെയ്തുവരുന്നുണ്ട്. എന്നാല്‍, ഈശ്വരനെ അറിയാതെ എങ്ങനെയാണ് പൂജിക്കേണ്ടത്? അപ്രകാരമുള്ള പൂജക്കു ഫലമുണ്ടോ? ഈശ്വരനേയോ, ആ വസ്തു തത്വത്തെയോ അറിയാതെ പൂജിച്ചാല്‍ നിശ്ചയമായും യഥാര്‍ത്ഥ ഈശ്വരപൂജയുടെ യാതൊരുഫലവും നമുക്കു സിദ്ധിക്കയില്ല. ഒരു യജമാനനില്‍നിന്ന് നമുക്കു ഒരു കാര്യം സാധിക്കണമെങ്കില്‍ അദ്ദേഹത്തെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ആദ്യം യജമാനനെ അറിയുകയും പിന്നീടു അദ്ദേഹത്തെ സേവിക്കയും വേണം. അപ്പോള്‍ മാത്രമേ അദ്ദേഹത്തില്‍നിന്ന് നമ്മുടെ ഇംഗിതം സാധിക്കയുള്ളൂ. നേരെമറിച്ചു അറിയാതെ സേവിച്ചാല്‍ അതു ചിലപ്പോള്‍ ആപത്തുകൂടിയാണ്. എന്നതുപോലെയാണ് ഈശ്വരസേവയും.

മോക്ഷം:

ഈശ്വരനെ എന്തിനാണ് സേവിക്കുന്നത്? ദുഃഖമോചനത്തിന്ന്, മോചനമെന്നാല്‍ മോക്ഷം-ബന്ധനത്തില്‍നിന്ന് വേര്‍പെടല്‍. ഇപ്പോള്‍ നാമെല്ലാം ബന്ധനത്തില്‍ പെട്ടിരിക്കയാണ്. ആ ബന്ധനം എന്താണ്? ഒരു ശവത്തിനു വല്ല ബന്ധവുമുണ്ടോ? ഇല്ല. എന്തുകൊണ്ട്? ജീവന്‍ ഇല്ലാത്തതുകൊണ്ട്. അപ്പോള്‍ ജീവന്‍ ഉള്ളപ്പോഴാണ് ബന്ധം. ആ, ബന്ധം എന്താണെന്നുവെച്ചാല്‍ ഈകാണുന്ന ലോകമാണ്. എന്നാല്‍, ജീവനെ നിര്‍ബ്ബന്ധന്‍, നിര്‍മ്മുക്തന്‍, നിരഹങ്കാരന്‍, നിര്‍മ്മോഹി എന്നീ അവസ്ഥയിലാണറിയപ്പെടുന്നത്. ഈ ജീവന്‍ ‘അഗണ്യഗുണഗണന്‍’, ആണ്. അഗണ്യ + ഗുണ + ഗണന്‍ = അഗണ്യഗുണഗണന്‍. അഗണ്യം = ഗണിക്കാന്‍ വയ്യാത്തത്; ഗുണം = ജീവന്‍; ഗണം = സമൂഹം; അതായത് ഗണിച്ചറിയാന്‍ വയ്യാത്തവിധം അനന്തകോടി ജീവരാശികളായി ഭവിച്ചാണ് ഈശ്വരന്‍ സ്ഥിതിചെയ്യുന്നത്. എന്നാല്‍, ജീവനുള്ള എല്ലാ സമയത്തും ബന്ധമുണ്ടോ? ഇല്ല; ഉറങ്ങുമ്പോള്‍ നമുക്കു ബന്ധമില്ല. അതിനാല്‍ നമുക്കു ലോകവുമില്ല. ഉറങ്ങുമ്പോള്‍ ജീവന്‍റെ ഗതി അകത്തോ, പുറത്തോ? അകത്താണ്; അതാണ് ബന്ധമില്ലാതായത്. എപ്പോള്‍ നമ്മുടെ ഗതി ഉള്ളില്‍ ഒതുങ്ങുന്നുവോ; അപ്പോള്‍, നമുക്കു ലോകവുമില്ല, ബന്ധവുമില്ല. എപ്പോള്‍ ഉറക്കു ഞെട്ടുന്നുവോ; അപ്പോള്‍ ജീവന്‍ പുറത്തേക്കു വ്യാപിച്ചു; അതു, ഇതു, ഇത്യാദി വിചാരങ്ങളാല്‍ ലോകത്തെ കെട്ടി; ഇതാണ് ലോകബന്ധം. ജീവന്‍ എപ്പോള്‍ നമ്മുടെ ഉള്ളില്‍ ഒതുങ്ങുന്നുവോ, അപ്പോള്‍ മാത്രമേ, നാം മോക്ഷം പ്രാപിക്കന്നുള്ളൂ. ജീവന്‍ പുറത്തേക്കു വ്യാപിക്കുന്നതു ബന്ധം; അകത്തേക്കൊതുങ്ങുന്നതു മോക്ഷം. സാധാരണയായി പറഞ്ഞുവരുന്നതു ഈശ്വരസേവ മോക്ഷത്തിനാണെന്നാണ്. എന്നാലതുപരമാര്‍ത്ഥമല്ല. സര്‍വ്വസംഗങ്ങളേയും പരിത്യജിക്കുകവഴി- അതായതു സര്‍വ്വബന്ധങ്ങളേയും വിട്ടു മോചനം പ്രാപിച്ചാലെ; ഈശ്വരസേവ ചെയ്യാന്‍ കഴിയുകയുള്ളു. ജീവന്‍, വിടേണ്ടതു എന്താണ്? ബന്ധം – പിടി; അപ്രകാരം ബന്ധത്തില്‍നിന്നു വേര്‍പെട്ടാല്‍ മാത്രമേ ഈശ്വരസേവ ചെയ്യാന്‍ സാധിക്കയുള്ളു. ബന്ധത്തില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ ഉള്ളിലിരിക്കുന്ന അച്ഛനമ്മമാരെ നമുക്കറിയാന്‍ സാധിക്കുന്നില്ല. ‘അവര്‍’ അകത്തും ‘ഞാന്‍’ പുറത്തുമാണിരിക്കുന്നത്. ആ ബന്ധം വിട്ടാലെ അകത്തിരിക്കുന്ന അച്ഛനമ്മമാരെ അറിയുകയുള്ളു. ആദ്യം ബന്ധം വിടുകയാണാവശ്യം എന്നു വരുന്നു.

ഈശ്വരന്‍ സര്‍വ്വവ്യാപിയോ?

ഈശ്വരന്‍ സര്‍വ്വവ്യാപിയാണോ? അല്ലെന്നതാണ് സത്യം. ഈശ്വരന്‍ പുറത്തുണ്ടായിരുന്നുവെങ്കില്‍ പുറത്തുനിന്നു വിളികേള്‍ക്കേണ്ടതായിരുന്നു. ശബ്ദം ബ്രഹ്മത്തില്‍നിന്നാണുത്ഭവിക്കുന്നത്. അതാണ് ശബ്ദത്തെ നാദബ്രഹ്മമെന്നു പറയുന്നത്. ഒരാളെ വിളിച്ചാല്‍ അയാള്‍ വിളികേള്‍ക്കുന്ന ശബ്ദം ഉള്ളില്‍നിന്നാണ് വരുന്നത്. ശബ്ദം ഉത്ഭവിക്കുന്നത് ഉള്ളില്‍നിന്നാകയാല്‍; ഈശ്വരന്‍ നമ്മുടെ ഉള്ളിലാണെന്നും ഇശ്വരന്ന് ഒരു സ്ഥാനമുണ്ടെന്നും വെളിപ്പെടുന്നു. അതിനാല്‍ ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലെന്നു മനസ്സിലാക്കാം.

ഈശ്വരമതം:

ഈശ്വരന് ഗൂഡന്‍, ഗൂഢസ്ഥന്‍, ഘടവുള്‍ എന്നും മറ്റും പേരുകള്‍ ഉണ്ട്. സര്‍വ്വവ്യാപിക്ക് ഈ പേരുകള്‍ എങ്ങിനെ യോജിക്കും? ഘട+ഉള്‍=ഘടവുള്‍. ഘടം എന്നാല്‍ കുടം, അതായത് ശിരസ്സ്. ശിരസ്സിനകത്തിരിക്കുന്നത് ജീവന്‍-അതായതു ഈശ്വരന്‍. അതിനാല്‍ ഈശ്വരന്നു ഘടവുള്‍ എന്നപേരു സിദ്ധമായി. ഗൂഢസ്ഥന്‍ എന്നാല്‍ ആത്മാവ് എന്നാണര്‍ത്ഥം. ജീവനില്ലെങ്കില്‍ ലോകവുമില്ല – ഈശ്വരനുമില്ല. ജീവനുള്ളപ്പോള്‍ മാത്രമേ ഈശ്വരനുള്ളൂ ‘ദേവോ ജീവ:സദാശിവ’- ജീവന്‍ ഈശ്വരാംശമാണ്. ജീവന്‍റെ ഉത്ഭവം ഈശ്വരങ്കല്‍ നിന്നാണ്. ഈശ്വരങ്കല്‍നിന്നു ജീവന്‍ താഴോട്ടു വ്യാപിച്ചു കിടക്കുന്നു. താഴെയാണ് ലോകം. ജീവന്‍ താഴോട്ടു വ്യാപിച്ചതിനാലാണ്,ലോകം ഉണ്ടായത്. അത്, ഇത് എന്നുള്ള നാനാ വിചാരാദികളില്‍പെട്ടു, ജീവന്‍, മായോത്ഭൂതമായ ലോകത്തില്‍ താഴോട്ടു വ്യാപിച്ചുകിടക്കുന്നു. വിചാരങ്ങളാകുന്ന ബന്ധത്തെ അഴിച്ചു ജീവനെ മേല്‍പോട്ടു കയറ്റിയാല്‍ ഈശ്വരനെ പ്രാപിക്കാം. അപ്പോഴാണ് ഈശ്വരമതസ്ഥനാകുന്നത്. തന്‍റെ ഉള്ളില്‍നിന്നു ജീവശക്തിയായി പുറത്തേക്കു വ്യാപിക്കുന്ന ഈശ്വരനെ തന്നില്‍ത്തന്നെ ചേര്‍ക്കുന്നതാണ് ഈശ്വരമതം.